അങ്ങാടിപ്പുറത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ വീട്ടിൽകയറി ആക്രമിച്ചയാൾ അറസ്റ്റിൽ
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ കാളികാവ് അടക്കാകുണ്ട് സ്വദേശി ഞാറക്കൽ അമീൻ സാദിഖ് (33) അറസ്റ്റിൽ. കഴിഞ്ഞ എട്ടിന് വൈകിട്ട് വീട്ടിൽ വെള്ളം ചോദിച്ചെത്തിയ പ്രതി അകത്ത് കയറി മാരകമായി പരിക്കേൽപ്പിച്ചെന്നാണ് കേസ്. മുമ്പും അതുവഴിപോയ പ്രതിക്ക് സ്ത്രീ തനിച്ചാണെന്ന് അറിയാമായിരുന്നു. മർദനത്തിൽ തലയ്ക്കും കഴുത്തിനും മാരകമായി പരിക്കേറ്റ വയോധികയ്ക്ക് ബോധം നഷ്ടപ്പെട്ടു. അടുത്ത ദിവസം ജോലിക്കാരി പണിക്കുവന്നപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. വയോധികയിൽനിന്നും ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ഭാഗങ്ങളിലെ നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. രാത്രിയിൽ ടൗണിൽ കിടക്കുന്നവരെയും മറ്റും തെരഞ്ഞശേഷമാണ് ഒരു കൃത്രിമക്കാലുമായി ഭിക്ഷാടനം നടത്തി ജീവിക്കുന്ന പ്രതിയെകുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് വെള്ളിയാഴ്ച രാവിലെ അങ്ങാടിപ്പുറത്തുവച്ച് ഇയാളെ പിടികൂടി. യുവാവ് ഭിക്ഷാടനം നടത്തി ലഭിക്കുന്ന പണം കഞ്ചാവും മദ്യവും വാങ്ങാനാണ് ഉപയോഗിച്ചിരുന്നത്. വിവിധ കേസുകളിൽ ജയിൽ ശിക്ഷയനുഭവിച്ച് പുറത്തിറങ്ങിയതാണ്. സംഭവത്തെ തുടർന്ന്, അപരിചിതർ വീടുകളിലേക്ക് വരുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം അറിയിച്ചു. എഎസ്പി എം ഹേമലതയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ സിഐ സി കെ നാസർ, എസ്ഐ രമാദേവി എന്നിവർ ചേർന്നാണ് പ്രതിയെ പിടിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here