അബ്‌ദുള്ളക്കുട്ടിയെ കൈയേറ്റംചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ
പൊന്നാനി : ബി.ജെ.പി. ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടിയെ കൈയേറ്റംചെയ്ത കേസിൽ ഒരാളെ പൊന്നാനി പോലീസ് അറസ്റ്റ്ചെയ്തു. വെളിയങ്കോട് സ്വദേശി അഫ്‌സലിനെയാണ് അറസ്റ്റ്ചെയ്തത്. വെളിയങ്കോട് ഹോട്ടലിൽ മദ്യപിച്ചെത്തിയ അഫ്‌സൽ അബ്ദുള്ളക്കുട്ടിക്ക് കൈകൊടുക്കാൻ ശ്രമിച്ചിരുന്നു. ഇത് അബ്ദുള്ളക്കുട്ടി നിഷേധിച്ചതിനെത്തുടർന്ന് പ്രതി കൈയേറ്റശ്രമം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാർ മുന്നോട്ടെടുക്കാൻ അനുവദിക്കാതെ പ്രതി തടഞ്ഞുനിർത്തിയെന്നും അസഭ്യം പറഞ്ഞശേഷം ഗ്ലാസുകൾ എറിഞ്ഞുടയ്ക്കാൻ ശ്രമിച്ചെന്നുമാണ് കേസ്. ഈ സംഭവത്തിന് രണ്ടത്താണിയിലുണ്ടായ അപകടവുമായി ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു. കണ്ടാലറിയുന്ന മൂന്നുപേർക്കെതിരേ അന്നുതന്നെ കേസെടുത്തിരുന്നു. സംഭവദിവസം ഹോട്ടലിലെ സി.സി.ടി.വി. തകരാറിലായിരുന്നു. സമീപത്തെ വ്യാപാരസ്ഥാപനത്തിലെ സി.സി.ടി.വി. പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് പ്രതി ബെംഗളൂരുവിലേക്ക് മുങ്ങി. പിന്നീട് കോഴിക്കോട് താമസിച്ചുവരികയായിരുന്നു. വെള്ളിയാഴ്ച ഇയാൾ നാട്ടിലെത്തിയ വിവരമറിഞ്ഞാണ് പൊന്നാനി സി.ഐ മഞ്ജിത്‌ലാലിന്റെ നേതൃത്വത്തിൽ അറസ്റ്റ്ചെയ്തത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here