എടരിക്കോട് വാഹനാപകടം; ഒരു മരണം, സംഭവമറിഞ്ഞ സഹോദരനും മരിച്ചു
എടരിക്കോട്: സഹോദരനെ ടിപ്പർ ലോറി ഇടിച്ചെന്ന് അറിഞ്ഞതിനെത്തുടർന്ന് ഹൃദയാഘാതംമൂലം ജ്യേഷ്ഠൻ മരിച്ചതിനു പിന്നാലെ അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനുജനും മരിച്ചു. എടരിക്കോട് ക്ലാരി പണിക്കർപടിയിലെ പരേതനായ പരുത്തിക്കുന്നൻ മുഹമ്മദിന്റെ മക്കളായ മുസ്തഫ(52), അബ്ദുൽ മജീദ്(45) എന്നിവരാണു മരിച്ചത്.
ഇന്നലെ രാവിലെ എട്ടിന് ഇവരുടെ വീടിനു തൊട്ടടുത്താണ് അപകടം. ഓട്ടോറിക്ഷ ഇറങ്ങി, മജീദ് സാധനങ്ങളുമായി വീട്ടിലേക്കു നടന്നുപോകുമ്പോൾ എടരിക്കോട് ഭാഗത്തുനിന്നു കല്ലുകയറ്റി വരികയായിരുന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. മജീദ് ലോറിക്കടിയിൽപെട്ടു. ലോറി റോഡരികിലെ ചെളിയിൽ താഴ്ന്നതോടെ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് മജീദിനെ പുറത്തെടുത്തത്. അപകട വിവരമറിഞ്ഞതോടെ ജ്യേഷ്ഠൻ മുസ്തഫ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ചങ്കുവെട്ടി അൽമാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ച മജീദും ഒരു മണിക്കൂറിനുശേഷം മരിച്ചു.
ലോറി ഓട്ടോയിലും വൈദ്യുതക്കാലിലും ഇടിച്ചാണു നിന്നത്. അപകടശേഷം ലോറി ഡ്രൈവർ കടന്നുകളഞ്ഞതായി നാട്ടുകാർ പറഞ്ഞു. ഡ്രൈവറുടെ പേരിൽ പൊലീസ് കേസെടുത്തു. മുസ്തഫ കഴുങ്ങിൽപ്പടിയിലെ പലചരക്കു കച്ചവടക്കാരനും മജീദ് ബെഡ് കമ്പനിയിലെ ജീവനക്കാരനുമാണ്. സുലൈഖയാണ് മുസ്തഫയുടെ ഭാര്യ. മക്കൾ: ഷാഹിന, ഷാഹിദ്, ഷിഹാദ്, ഫാത്തിമ സന. മരുമകൻ: നൗഷാദ്. സീനത്താണ് മജീദിന്റെ ഭാര്യ. മക്കൾ: ലിഫ്ന, ലിഫാൻ.
Summary: man killed after being hit by a tipper in klari
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here