എടയൂർ തിണ്ടലത്ത് നെഞ്ചുവേദന വന്ന രോഗിയുമായി പോയ കാര്‍ റോഡിലെ ചെളിയില്‍ കുടുങ്ങി; രോഗി മരിച്ചു
എടയൂർ: മലപ്പുറം എടയൂർ തിണ്ടലത്ത് നെഞ്ചുവേദന വന്ന രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോയ കാര്‍ ചെളിയില്‍ കുടുങ്ങിയതിനെ തുടർന്ന് രോഗി മരിച്ചു. കരേക്കാട് നമ്പൂതിരിപ്പടിയിൽ താമസിക്കുന്ന പരേതനായ വടക്കേപീടിയേക്കൽ മൊയ്‌ദീൻ കുട്ടിയുടെ മകൻ ലാലി എന്ന സൈതാലിയാണ് ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ദേശീയപാത വികസന ഭാഗമായി തിണ്ടലത്തിനു സമീപമുള്ള കുന്നിൽ കരാർ കമ്പനി മണ്ണെടുപ്പ് നടത്തിവരികയാണ്. കഴിഞ്ഞ ദിവസം മഴയും പെയ്തതോടെ തിണ്ടലം റോഡ് ചെളിക്കുളമായിരുന്നു. രോഗിയുമായി പോയ കാർ ഏറെ നേരമാണ് ചെളിയിൽ കുടുങ്ങിക്കിടന്നത്. തുടർന്ന് വിവരമറിഞ്ഞെത്തിയ നാട്ടുകാർ ലാലിയെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേ സമയം മണിക്കൂറുകൾ കഴിഞ്ഞിട്ടും പൊലീസ് സ്ഥലത്തെത്താത്തതിൽ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ആമിനയാണ് ലാലിയുടെ ഭാര്യ.റിയാസ്,റസൽ,ഡോ.രസ്മില എന്നിവർ മക്കളാണ്.സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച വൈകീട്ട് കരേക്കാട് പഴയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here