മിൽമയിൽ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയയാൾ കോട്ടക്കലിൽ അറസ്റ്റിൽ
കോട്ടക്കൽ: കൊച്ചി ഇടപ്പള്ളി മിൽമ യൂണിറ്റിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ഉദ്യോഗാർഥികളിൽനിന്ന് പണം തട്ടിയ കൊല്ലം സ്വദേശിയെ കോട്ടക്കൽ പൊലീസ് അറസ്റ്റുചെയ്തു. നിലവിൽ എറണാകുളം വൈറ്റില മരട് സെന്റ് തോമസ് പള്ളിക്കു സമീപം താമസിക്കുന്ന ബിനു ജോൺ ഡാനിയേൽ (49)ആണ് പിടിയിലായത്. മലപ്പുറം കോട്ടക്കൽ സ്വദേശികളായ ദമ്പതികളെ കബളിപ്പിച്ച് പത്ത് ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. ഇയാൾക്കെതിരെ എറണാകുളം, കൊല്ലം, തൃശൂർ, കോട്ടയം, മലപ്പുറം ജില്ലകളിൽ നിരവധി പരാതികളുണ്ട്.
ലൂക്ക് മൗണ്ട് ഇന്റർനാഷണൽ എന്ന സ്ഥാപനം വഴി എൻട്രൻസ്, ട്യൂഷൻ എന്നിവ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ബിനു ജോൺ ഡാനിയേൽ നിരവധി രക്ഷിതാക്കളിൽനിന്നും ലക്ഷങ്ങൾ തട്ടിയതായും പരാതികളുണ്ട്. പവർ ഓഫ് അറ്റോർണി തട്ടിയെടുത്ത് 25 ലക്ഷം തട്ടിയ സംഭവത്തിൽ ഈ കുടുംബത്തിലെ ഒരംഗം ആത്മഹത്യ ചെയ്യുകയുംചെയ്തതിലും ഇയാൾക്ക് പങ്കുള്ളതായി സംശയിക്കുന്നു. കേസുകളിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. മനുഷ്യവകാശ- നിയമ സംഘടനകളിൽ അംഗത്വമെടുത്ത് ഭാരവാഹിയായി സംഘടനകളുടെ മറവിൽ പണം തട്ടിയെന്ന പരാതിയിൽ ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. കായംകുളത്തുനിന്ന് കോട്ടക്കൽ എസ്എച്ച്ഒ എം കെ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here