സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്ന യുവാവ് പിടിയിൽ
വളാഞ്ചേരി: വർഷങ്ങളായി യുവാക്കൾക്കും വിദ്യാർത്ഥികൾക്കും കഞ്ചാവ് വിൽക്കുന്ന വളാഞ്ചേരി കാവുംപുറം സ്വദേശി അബൂബക്കർ മകൻ ഷമീർ (32) കുറ്റിപ്പുറം എക്സൈസിൻ്റെ പിടിയിലായി. വിൽപ്പനക്കായി 200 ഓളം ചെറിയ പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 1500 കിലോ കഞ്ചാവ് ഇയാളിൽ നിന്നും പിടികൂടി. 300 രൂപയ്ക്കും 500 രൂ പയ്ക്കുമാണ് കഞ്ചാവ് പൊതികൾ ഇയാൾ വിറ്റിരുന്നത്. വളാഞ്ചേരിയിലെയും കുറ്റിപ്പുറത്തെയും സ്കൂൾ കോളേജ് വിദ്യാർത്ഥികൾ ഇയാളിൽ നിന്നും കഞ്ചാവ് വാങ്ങിക്കാറുണ്ട്. പ്രതിയുടെ ഫോണിലേക്ക് കഞ്ചാവ് ആവശ്യപ്പെട്ടുകൊണ്ട് വന്ന കോളുകളിൽ ഭൂരിഭാഗവും കോളേജ് വിദ്യാർത്ഥികളായിരുന്നു.
എക്സൈസും പലതവണ ശ്രമിച്ചിട്ടും ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഓണത്തോടനുബന്ധിച്ച് മലപ്പുറം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി.ആർ അനിൽകുമാറിനു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വളരെ തന്ത്രപരമായ നീക്കത്തിലാണ് പ്രതിയെ പിടികൂടാനായത്. വളാഞ്ചേരി കാവുംപുറത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ ഇയാൾ കഞ്ചാവ് വിൽപ്പന പതിവാണ്. കഞ്ചാവ് വാങ്ങിക്കാനാണെന്ന വ്യാജേന പ്രതിയെ സമീപിച്ച എക്സൈസുകാരെ തിരിച്ചറിഞ്ഞ് ഇയാൾ കടന്നു കളയാൻ ശ്രമിക്കുന്നതിനിടെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തമിഴ്‌നാട്ടിലെ ഉസ്ലാ പെട്ടിയിൽ നിന്നുമാണ് ഇയാൾ കഞ്ചാവ് കൊണ്ടു വന്നിരുന്നത്. ഓണാഘോഷത്തോടനുബന്ധിച്ച് പരിശോധനകൾ കർശനമാക്കുമെന്ന് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് ജോൺ പറഞ്ഞു.
പ്രിവൻ്റീവ് ഓഫീസർമാരായ വി.അർ രാജേഷ്, എ.കെ രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഹംസ, രാജീവ് കുമാർ, ഷിഹാബുദ്ധീൻ, ഷിബു ശങ്കർ, എന്നിവർ ചേർന്നാണ് ഷമീറിനെ പിടികൂടീയത്. വടകര NDPS കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here