പുത്തനത്താണിയിൽ ബസിന് കല്ലെറിഞ്ഞ് കണ്ടക്‌ടർക്ക്പരിക്കേറ്റ സംഭവം: പ്രതി പിടിയിൽ
കൽപ്പകഞ്ചേരി : കെ.എസ്.ആർ.ടി.സി. ബസിന്റെ ഗ്ലാസ് കല്ലെറിഞ്ഞു തകർക്കുകയും കണ്ടക്ടറെ ആക്രമിച്ചുപരിക്കേൽപ്പിക്കുകയും ചെയ്തെന്ന കേസിൽ ഒരാൾ പിടിയിൽ. കൽപ്പകഞ്ചേരി കല്ലിങ്ങൽ മണ്ണാരത്തൊടി റാഫി (30) ആണ് കൽപ്പകഞ്ചേരി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജൂലായ് രണ്ടിന് പുത്തനത്താണിയിലാണ് സംഭവം. ഇയാൾ പുത്തനത്താണിയിൽനിന്ന് കയറുകയും ടിക്കറ്റെടുക്കാൻ പറഞ്ഞ കണ്ടക്ടറോട് മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പരാതി. തുടർന്ന് ബസ്സിൽനിന്ന് ഇറക്കിവിട്ട പ്രതി പ്രകോപിതനായി കല്ലെടുത്ത് എറിയുകയായിരുന്നു.
കുടിയാൻമലയിൽനിന്ന് പാലായിലേക്ക് പോകുകയായിരുന്ന ബസിലെ കണ്ടക്ടർ ആർമാനൂർ അയർക്കുന്നം വലിയാത്തയിൽ സന്തോഷി(50)നാണ് പരിക്കേറ്റത്. സംഭവത്തിനുശേഷം പ്രതി ഒളിവിൽ കഴിയുകയായിരുന്നു. സമീപത്തെ കടകളിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംഭവം നടക്കുമ്പോൾ പ്രതി മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. സി.ഐ. എം.ബി. റിയാസ് രാജ, എസ്.ഐ. ബി. പ്രദീപ്കുമാർ, അഡീഷണൽ എസ്.ഐ. പി. ചന്ദ്രൻ, സി.പി.ഒ.മാരായ ഷിബുരാജ്, പി. സുജിത്ത്, അനീഷ്, അരുൺ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here