കുഞ്ഞിരാമൻ എഴുത്തച്ഛന് ആദരവായി ബസ് സ്റ്റാൻ്റിന് പുനർനാമകരണം നടത്തി മാറാക്കര ഗ്രാമപ്പഞ്ചായത്ത്
മാറാക്കര : കാടാമ്പുഴയിൽ ഭഗവതീക്ഷേത്രത്തിനടുത്തുള്ള കാടാമ്പുഴ ബസ് സ്റ്റാൻഡ് ഇനി അറിയപ്പെടുക ‘വി. കുഞ്ഞിരാമൻ എഴുത്തച്ഛൻ സ്മാരക ബസ് സ്റ്റാൻഡ്’ എന്ന പേരിൽ. സ്റ്റാൻഡിനും അതിലേക്കുള്ള റോഡിനും സ്ഥലം നൽകിയതിന്റെ സ്മരണാർഥമാണ് പഞ്ചായത്ത് ഭരണസമിതി പേര് മാറ്റുന്നത്. നിലവിലെ ബസ് സ്റ്റാൻഡിനോട് ചേർന്ന സ്ഥലത്താണ് പരേതനായ കുഞ്ഞിരാൻ എഴുത്തച്ഛന്റെ വീട്.
ഇദ്ദേഹത്തിന്റെ പേര് സ്റ്റാൻഡിന് നൽകണമെന്നാവശ്യപ്പെട്ട് മാറാക്കര ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട് അവതരിപ്പിച്ച അടിയന്തരപ്രമേയം ചർച്ച ചെയ്താണ് ഭരണസമിതി ഐകകണ്ഠ്യേന തീരുമാനത്തിന് അംഗീകാരം നൽകിയത്. മൂന്നാം വാർഡ് മെമ്പർ എ.പി. ജാഫറലി, 11-ാം വാർഡ് മെമ്പർ നെയ്യത്തൂർ കുഞ്ഞിപ്പ എന്നിവർ പിന്തുണച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്‌ന, സ്ഥിരംസമിതി അധ്യക്ഷൻ ഒ.പി. കുഞ്ഞിമുഹമ്മദ്, റഷീദ് പാറമ്മൽ എന്നിവരും സംസാരിച്ചു.
1981-ൽ സ്റ്റാൻഡിനും അവിടേക്കുള്ള റോഡിനുമായി ഒരേക്കർ സ്ഥലമാണ് കോൺഗ്രസ് നേതാവായിരുന്ന കുഞ്ഞിരാമൻ എഴുത്തച്ഛൻ സൗജന്യമായി വിട്ടുകൊടുത്തത്. അധ്യാപകനും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി. കൃഷ്ണൻ നായർ കാടാമ്പുഴയിൽ ബസ് സ്റ്റാൻഡ് നിർമിക്കണമെന്ന ആവശ്യവുമായി എഴുത്തച്ഛനെ സമീപിച്ചപ്പോഴായിരുന്നു ഇത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here