ആപ്പിള് ഐഫോൺ XS Max ആദ്യമായി സ്വന്തമാക്കിയ ഇന്ത്യക്കാരനെ അറിയാം
ആപ്പിൾ ഐഫോണുകളിൽ ഏറ്റവും വലിയ ഡിസ്പ്ലേയുമായി ഐഫോൺ XS Max ഇന്ന് വിപണിയിലെത്തിയിരിക്കുകയാണ്. 1249 ഡോളർ (ഏകദേശം 90,000 രൂപ) വിലയുള്ള ഐഫോൺ XS Max ഇന്ത്യയിൽ ആദ്യമായി സ്വന്തമാക്കിയത് മലയാളിയായ മുഹമ്മദ് ജുനൈദ് റഹ്മാനാണ്. മലപ്പുറം സ്വദേശിയായ ജുനൈദ് ആദ്യ പീസിന്റെ ഗോൾഡൻ കളർ തന്നെ സ്വന്തമാക്കാനായി 1780 ഡോളർ (ഏകദേശം 1.28 ലക്ഷം രൂപ) ആണ് ചെലവഴിക്കുന്നത്. ബാംഗ്ലൂർ ആസ്ഥാനമായ ഡയാന ഡയമണ്ട് കോർപ്പറേഷന്റെ ചെയർമാനാണ് ജുനൈദ്.
കഴിഞ്ഞ വർഷം സെപ്തംബറിലായിരുന്നു ഐഫോൺ Xന്റെ ലോഞ്ചിംഗ്. അന്ന് മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടിയെ പോലും പിന്നിലാക്കി ആദ്യ പീസുകളിലൊന്ന് സ്വന്തമാക്കിയവരിൽ ഒരു മലയാളിയുമുണ്ടായിരുന്നു. ജുനൈദിന്റെ ബിസിനസ് പാർട്ണറും മലപ്പുറം വാളാഞ്ചേരി സ്വദേശിയുമായ ഷഹനാസ് പാലക്കൽ. എന്നാൽ ഇക്കുറി പുതിയ ഐഫോൺ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായിരിക്കുകയാണ് തിരൂരിനടുത്ത് കൽപ്പകഞ്ചേരി സ്വദേശിയായ ജുനൈദ്.
കഴിഞ്ഞ തവണത്തേതിൽ നിന്നും വ്യത്യസ്തമായി ഐഫോൺ ഗ്ലോബൽ ലോഞ്ചിംഗ് അല്ല ഒരുക്കുന്നത്. വികസിത രാജ്യങ്ങളിൽ മാത്രമാണ് ആദ്യ ലോഞ്ചിംഗ്. ഈമാസം 28ന് മാത്രമാണ് പുതിയ ഐഫോൺ ഇന്ത്യയിലെത്തുക. യു എസ്, യുകെ, യു എ ഇ, ഓസ്ട്രേലിയ, ഹോംഗ്കോംഗ് തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യ വിതരണം. ഇതിനായി ഇന്ന് അതാത് രാജ്യങ്ങളിലെ രാവിലെ എട്ട് മണി മുതൽ ക്യൂ ആരംഭിച്ചിരുന്നു. പതിനൊന്ന് മണിയോടെ ഫോൺ വിതരണം ആരംഭിച്ചു. എന്നാൽ ഐഫോൺ ലോഞ്ച് ചെയ്യുന്ന രാജ്യങ്ങളിൽ ആദ്യം സൂര്യനുദിക്കുന്നത് ഹോങ്കോംഗിലാണ്. ഇന്ത്യൻ സമയം പുലർച്ചെ നാലര മണി മുതൽ ഇവിടെ ക്യൂ ആരംഭിക്കും. പ്രീ ബുക്കിംഗ് ആരംഭിച്ച സെപ്തംബർ 14ന് തന്നെ ഹോംഗ്കോംഗിൽ നിന്നും വാങ്ങാനായി ഐഫോൺ ബുക്ക് ചെയ്ത ജുനൈദ് രാവിലെ 7.30 ആയപ്പോഴേക്കും ആദ്യ പീസ് സ്വന്തമാക്കുന്ന ഇന്ത്യക്കാരനായി. ആപ്പിൾ സ്റ്റോറിന് കൊടുക്കുന്ന സി ആൻഡ് എഫ് വഴി ജുനൈദ് ഇന്നലെയാണ് പണമടച്ചത്.
യു എ ഇയിൽ നിന്നും മറ്റും വേറെയും ഇന്ത്യക്കാരുണ്ടാകുമെന്നതിനാലാണ് തങ്ങൾ ഹോങ്കോംഗ് തന്നെ തിരഞ്ഞെടുത്തതെന്ന് ജുനൈദിന്റെ സുഹൃത്തും ബിസിനസ് പാർട്ണറുമായ ഷഹനാസ് ഒരു ഓണ്ലൈന് മാധ്യമത്തോട് പറഞ്ഞു. കൂടാതെ ദുബൈയിൽ ഹോങ്കോംഗിനേക്കാൾ നാല് മണിക്കൂറിന് ശേഷം മാത്രമേ വിതരണം ആരംഭിക്കുകയുള്ളൂ. ഐഫോൺ കൈപ്പറ്റാനായി ഇന്നലെ കോഴിക്കോട് നിന്നും ചെന്നൈയിലെത്തിയാണ് ജുനൈദ് ഹോങ്കോംഗിലേക്ക് പറന്നത്. ഇന്ന് രാത്രിയോടെ നാട്ടിൽ തിരികെയെത്തും. ആപ്പിൾ ഐഫോണിന്റെ ടോപ്പ് 10 ഉപഭോക്താക്കളിൽ ഒരാളാണ് ജുനൈദ്. ഡയമണ്ടുകളുടെയും മറ്റ് വില കൂടിയ രത്നങ്ങളുടെയും വിതരണക്കാരാണ് ജുനൈദ് ചെയർമാനായ ഡയാന ഡയമണ്ട് കോർപ്പറേഷൻ.
കണ്ണുകൾക്ക് ആയാസം തീരെയില്ലാതെയാണ് ആപ്പിൾ പുതിയ ഐഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു സ്മാർട്ട് ഫോണിന് വേണ്ടി തയ്യാറാക്കിയിരിക്കുന്ന ഏറ്റവും ദൃഢമായ ഗ്ലാസുകളാണ് ഐഫോൺ XS Maxൽ ഉപയോഗിച്ചിരിക്കുന്നത്. ഇരു വശങ്ങളിലെയും സ്ക്രീനുകളിലും സൂപ്പർ റെറ്റിനകളാണ് ഉപയോഗിച്ചിരിക്കുന്നത്. മുഖം തിരിച്ചറിഞ്ഞ് ഫോൺ ലോക്ക് തുറക്കുന്നതിലും ഈ ഫോൺ മറ്റ് ഐഫോണുകളേക്കാൾ വേഗതയുള്ളതാണ്. ഏറ്റവും സ്മാർട്ടും ക്ഷമതയുള്ളതുമാണ് ഇതിലെ ചിപ്പുകൾ. ബ്രേക്ക് ത്രൂ ഡ്യുവൽ ക്യാമറകളാണ് ഇതിലുള്ളത്. 512 ജിബി സ്റ്റോറേജുള്ള ഈ ഐഫോണിന് 6.5 ഇഞ്ച് ആണ് വലുപ്പം. ഒരു ഐഫോണിൽ ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന എല്ലാം ഇതിലുണ്ടെന്ന് അവകാശപ്പെടുന്ന ആപ്പിൾ ജനങ്ങൾ ഇത് സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here