കുറ്റിപ്പുറം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നിർവഹിച്ചു
കുറ്റിപ്പുറം: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച മിനി മാസ്റ്റ് (എൽ.ഇ.ഡി) ലൈറ്റുകളുടെ ആദ്യഘട്ട ഉദ്ഘാടനം കുറ്റിപ്പുറം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു. 2016–17 വർഷത്തെ ആസ്തി ഫണ്ടിൽനിന്ന് മണ്ഡലത്തിലെ 70 കേന്ദ്രങ്ങളിലും 2017-2018 വർഷത്തെ ആസ്തി വികസന ഫണ്ടിൽനിന്ന് തുക വകയിരുത്തി 21 കേന്ദ്രങ്ങളിലുമാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. 1.65 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആദ്യത്തെ 70 കേന്ദ്രങ്ങളിൽ ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തി വിവിധ പഞ്ചായത്തുകളിൽ അന്തിമഘട്ടത്തിലാണ്. കഴിഞ്ഞ ദിവസം കുറ്റിപ്പുറം പഞ്ചായത്തിലെ പാണ്ടികശാല അങ്ങാടി, എം.എം മൂടാൽ, കഴുത്തല്ലൂർ അച്ചിപ്രതങ്ങൾ കോംപ്ലക്സിന് സമീപം, കഴുത്തല്ലൂർ ജുമാമസ്ജിദിന് സമീപം, കൊളക്കാട്, അത്താണി ബസാർ, തെക്കേ അങ്ങാടി, രാങ്ങാട്ടൂർ അങ്ങാടി, പാഴൂർ അങ്ങാടി, ഊരോത്ത് പള്ളിയാൽ അങ്ങാടി, പകരനെല്ലൂർ താഴെ അങ്ങാടി, ചെല്ലൂർ അത്താണിക്കൽ എന്നിവിടങ്ങളിലെ ലൈറ്റുകളാണ് എം.എൽ.എ സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് ടി.സി. ഷമീല, ബ്ലോക്ക് അംഗങ്ങളായ കെ.ടി. സിദ്ദീഖ്, കൈപ്പള്ളി അബ്ദുല്ലക്കുട്ടി, റസീന, പഞ്ചായത്ത് അംഗങ്ങളായ സിദ്ദീഖ് പരപ്പാര, ഹമീദ് പാണ്ടികശാല, റംല റെത്തൊടിയിൽ, പാറക്കൽ ബഷീർ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here