മിനിപമ്പ തീർഥാടകരെ വരവേൽക്കാൻ ഒരുങ്ങി: ഉദ്ഘാടനം നാളെ മന്ത്രി കെ.ടി.ജലീൽ നിർവഹിക്കും.
കുറ്റിപ്പുറം ∙ ശബരിമലയുടെ ഔദ്യോഗിക ഇടത്താവളമായ കുറ്റിപ്പുറം
മിനിപമ്പ തീർഥാടകരെ വരവേൽക്കാൻ ഒരുങ്ങി. മണ്ഡല–മകരമാസക്കാലത്തെ ശുചിത്വ–സംരക്ഷണ പദ്ധതിയുടെയും മിനിപമ്പയിൽ പൂർത്തിയായ രണ്ടാംഘട്ട നവീകരണങ്ങളുടെയും ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് മന്ത്രി കെ.ടി.ജലീൽ നിർവഹിക്കും. തീർഥാടകർക്ക് വിരിവയ്ക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള പന്തൽ പൂർത്തിയായി.
തവനൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ശുചീകരണം നടക്കുന്നുണ്ട്. കുളിക്കടവുകളിലും പരിസരത്തും വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചു. ആരോഗ്യവകുപ്പ്, പൊലീസ്, അഗ്നിശമനസേന അടക്കമുള്ള വിഭാഗങ്ങളുടെ പവിലിയനുകൾ സജ്ജമായി. 24 മണിക്കൂറും ഈ വിഭാഗങ്ങളുടെ സേവനം ലഭ്യമാക്കും. പത്തുവീതം പൊലീസ് ഉദ്യോഗസ്ഥർ വിവിധ ഷിഫ്റ്റുകളിലായി മിനിപമ്പയിലുണ്ടാകും. പുഴയിൽ കുളിക്കാനിറങ്ങുന്ന തീർഥാടകരുടെ സുരക്ഷയ്ക്കായി 12 ലൈഫ് ഗാർഡുകളെ നിയോഗിച്ചിട്ടുണ്ട്.
24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ സെന്ററും നാളെ മുതൽ സജ്ജീകരിക്കും. തീർഥാടകർക്ക് ശുദ്ധജലം നൽകുന്നതിനും സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ മിനിപമ്പയിലും പരിസരങ്ങളിലും ശുചിത്വ സന്ദേശം രേഖപ്പെടുത്തുന്ന ജോലികളും പൂർത്തിയാകാറായി.
‘എന്റെ മാലിന്യം –എന്റെ ഉത്തരവാദിത്തം’ എന്ന സന്ദേശം നൽകി തീർഥാടകരെ മാലിന്യ നിർമാർജനത്തിന് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. എംഎൽഎ ഫണ്ട് ഉപയോഗിച്ചു നിർമിച്ച ഓപ്പൺ ഓഡിറ്റോറിയം പ്രദേശവും തീർഥാടകർക്കായി തുറന്നുനൽകിയിട്ടുണ്ട്.
Content highlights: sabarimala mini pamba
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here