മന്ത്രി നേരിട്ട് ഇടപെട്ടു; തകര്‍ന്ന കുറ്റിപ്പുറം-കോട്ടയ്ക്കല്‍ റോഡില്‍ ഉടന്‍ തുടങ്ങി അറ്റകുറ്റപ്പണി
കുറ്റിപ്പുറം: പൊതുമരാമത്ത് മന്ത്രിയുടെ വാഹനം റോഡിലെ കുഴിയിലിറങ്ങിക്കയറിയതോടെ റോഡിന്റെ തകര്‍ച്ചയ്ക്ക് പരിഹാരമായി. ദേശീയപാതയിലാണ് മന്ത്രി ജി. സുധാകരന്റെ നിര്‍ദേശപ്രകാരം ശനിയാഴ്ച രാവിലെ അറ്റകുറ്റപ്പണി തുടങ്ങിയത്.
വെള്ളിയാഴ്ച രാത്രി മന്ത്രി വേങ്ങരയിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തശേഷം ആലപ്പുഴയിലേക്ക് മടങ്ങുമ്പോഴാണ് റോഡിന്റെ തകര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്.
മിനിപമ്പയ്ക്ക് സമീപം വാഹനംനിര്‍ത്തി റോഡിലിറങ്ങിയ മന്ത്രി ഉടന്‍തന്നെ ദേശീയപാത എക്‌സിക്യുട്ടീവ് എന്‍ജിനീയറെ ഫോണില്‍ ബന്ധപ്പെട്ടു. അറ്റകുറ്റപ്പണിക്കായി കരാര്‍ നല്‍കിയിട്ടുണ്ടെന്നും മഴകാരണം പണികള്‍ ആരംഭിക്കാത്തതാണെന്നും മന്ത്രിയെ അറിയിച്ചു.
ശനിയാഴ്ചതന്നെ പണികള്‍ തുടങ്ങണമെന്നും അല്ലാത്തപക്ഷം കരാറുകാരനെതിരേ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. കോട്ടയ്ക്കല്‍ മുതല്‍ കുറ്റിപ്പുറം വരെയുള്ള ഭാഗങ്ങളിലെ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
ഇത്തേതുടര്‍ന്നാണ് ശനിയാഴ്ച രാവിലെതന്നെ പണികള്‍ ആരംഭിച്ചത്. കുറ്റിപ്പുറം പാലത്തിനും തവനൂര്‍ റോഡ് ജംങ്ഷനുമിടയില്‍ റോഡ് തകര്‍ന്നുകിടക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി.
യാത്ര ദുസ്സഹമായിട്ടും അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ മുന്നോട്ടുവന്നിരുന്നില്ല. റോഡ് ശരിയാക്കണമെന്നാവശ്യപ്പെട്ട് സമരവും നടന്നിരുന്നു. മന്ത്രിയുടെ ഇടപെടലുണ്ടായതോടെ അടുത്ത ദിവസംതന്നെ പണികള്‍ ആരംഭിക്കുകയും റോഡിലെ കുഴികളടയ്ക്കാന്‍ ആരംഭിക്കുകയും ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here