പാണക്കാട് മുനവറലി ശിഹാബ് തങ്ങളെ അനുമോദിച്ച് മന്ത്രി കെ ടി ജലീല്‍
മലപ്പുറം: മുനവറലി ശിഹാബ് തങ്ങളെ വാനോളം പുകഴ്ത്തി മന്ത്രി കെ ടി ജലീല്‍. മുനവറലി തങ്ങളുടെ നേതൃത്വത്തില്‍ കുവൈറ്റില്‍ ജയിലില്‍ കഴിയുന്ന ആളെ മോചിപ്പിക്കുന്നതിനുള്ള മോചനദ്രവ്യം സ്വരൂപിച്ച നടപടിയാണ് മന്ത്രിയുടെ പ്രശംസയ്ക്ക് അര്‍ഹമായത്. സബാഷ് മുനവറലി തങ്ങള്‍ സബാഷ് എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലാണ് അദ്ദേഹം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ തങ്ങളെ പുകഴ്ത്തിയത്.
ഈ സംരഭത്തിന് പണം നല്‍കി സഹായിച്ച പട്ടര്‍കടവന്‍ കുഞ്ഞാനെയും, മകന്‍ റഹീമിനേയും, എന്‍ എ ഹാരിസിനേയും, മാളയിലെ എ എം പി ഫൗണ്ടേഷനേയും, സാലിം മണി എക്‌സ്‌ചേഞ്ചിനേയും, പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മറ്റുള്ളവരേയും അദ്ദേഹം അഭിനന്ദിക്കുന്നുണ്ട്. മലപ്പുറത്തിന്റെ സൗമനസ്യം ലോകത്തിന് മനസിലാക്കി കൊടുക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും മന്ത്രി പറയുന്നു. ഷാര്‍ജയിലെ 149 ഇന്ത്യന്‍ തടവുകാരുടെ മോചനത്തിന് വഴി തെളിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനോട് ഉപമിച്ചാണ് തങ്ങളുടെ ശ്രമതത്തേയും മന്ത്രി അനുമോദിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സബാഷ് മുനവ്വറലി
തങ്ങൾ സബാഷ് ……
—————————————–
തമിഴ്നാട്ടിലെ ഏതോ ഒരു കുഗ്രാമത്തിൽ ജീവിക്കുന്ന ഭർത്താവിനെയും പൂജക്ക് അച്ഛനെയും തിരിച്ച് കിട്ടാൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ സയ്യിദ് മുനവ്വറലി തങ്ങളുടെ ഇടപെടൽ തുണയാകുന്നെന്ന വാർത്ത അത്യന്തം സന്തോഷകരമാണ് . 1983 ൽ കുവൈറ്റിൽ വെച്ച് അബദ്ധത്തിൽ മരണപ്പെട്ട മലപ്പുറം സ്വദേശിയുടെ കുടുംബം ആവശ്യപ്പെട്ട നഷ്ട പരിഹാരത്തുകയായ 30 ലക്ഷത്തിലേക്ക് 25 ലക്ഷം ഉദാരമതികളായ തന്റെ സുഹൃത്തുക്കളിൽ നിന്ന് മുനവ്വറലി സ്വരൂപിച്ച സംഖ്യ ഹൈദരലിശിഹാബ് തങ്ങളാണ് മാലതിക്ക് കൈമാറിയത് .
വധിക്കപ്പെട്ട സഹോദരന്റെ കുടുംബത്തിന് പാണക്കാട്ടു വെച്ച് നഷ്ടപരിഹാരത്തുക നൽകി മാപ്പപേക്ഷയിൽ ഒപ്പിട്ടു വാങ്ങി കുവൈത്ത് കോടതിയിൽ സമർപ്പിക്കുന്നതോടെ തമിഴ്നാട്ടിലെ ഒരു പാവപ്പെട്ട ഗ്രാമീണ വനിതക്ക് തിരിച്ച് വരില്ലെന്ന് കരുതിയിരുന്ന കുടുംബനാഥനെ തിരിച്ച് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത് . ഇങ്ങിനെയൊരു മാതൃകാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ മുനവ്വറലി തങ്ങളും ഇതിനോട് സഹകരിച്ച പട്ടർക്കടവൻ കുഞ്ഞാനും മകൻ റഹീമും , NA ഹാരിസും മാളയിലെ AMP ഫൗണ്ടേഷനും കുവൈത്തിലെ സ്റ്റെർലിംഗ് ഫൗണ്ടേഷനും സാലിം മണി എക്സ്ചേഞ്ചും പേരു പറയാൻ ആഗ്രഹിക്കാത്ത സുമനസ്സുകളും സർവ്വോപരി മരണപ്പെട്ട സഹോദരന്റെ കുടുംബവും എല്ലാ നിലയിലും അഭിനന്ദനമർഹിക്കുന്നു .
കരുണാർദ്രനായ പിതാവിന്റെ ദയാലുവായ മകനാണ് മുനവ്വറെന്ന് ഈ സൽപ്രവൃത്തി ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ് . വർഷങ്ങൾക്ക് മുമ്പാണ് കമലിന്റെ ” പെരുമഴക്കാലം ” എന്ന സിനിമ പുറത്തിറങ്ങിയത് . വധിക്കപ്പെട്ട രഘുരാമ അയ്യരുടെ (വിനീത്) ഭാര്യയായി കാവ്യാമാധവനും (ഗംഗ) അബദ്ധത്തിൽ വധിച്ച അക്ബറിന്റെ (ദിലീപ്) സഹധർമ്മിണിയായി മീരാ ജാസ്മിനും (റസിയ) തകർത്തഭിനയിച്ച ചലച്ചിത്രമായിരുന്നു അത് . സത്യം മനസ്സിലാക്കിയ നായിക കൂടുംബക്കാരുടെ എതിർപ്പ് വകവെക്കാതെ ഘാതകന് മാപ്പ് കൊടുത്ത് രേഖയിൽ ഒപ്പിട്ട് കൊടുക്കുന്ന രംഗം , കാണുന്ന ഏതൊരാളുടെയും കണ്ണുകൾ നനയിക്കും . പ്രസ്തുത സിനിമയുടെ പുലർച്ച പോലെ തോന്നിപ്പിക്കുന്നതാണ് മാലതിയുടെയും പൂജയുടെയും കദനകഥ .
നമ്മുടെ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് 149 ഇൻഡ്യൻ തടവുകാർ ഷാർജ ജയിലിൽ നിന്ന് വിമോചിപ്പിക്കപ്പെട്ട സംഭവത്തിന് ശേഷം മനസ്സിൽ കുളിർമഴ പെയ്ത അനുഭവമാണ് ഈ വാർത്ത വായിച്ചപ്പോൾ ഉണ്ടായത് . മലപ്പുറത്തിന്റെ സൗമനസ്യം ലോകത്തിന് മനസ്സിലാക്കിക്കൊടുക്കാൻ ഈ സംഭവം നിമിത്തമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം . മുനവ്വറലി തങ്ങൾക്കും മാപ്പ് കൊടുക്കാൻ വിശാലമനസ്കത കാണിച്ച മരണപ്പെട്ട സഹോദരന്റെ കുടുംബത്തിനും എന്റെ ഹൃദയാഭിവാദ്യങ്ങൾ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here