അഭിനന്ദനങ്ങൾ അറിയിക്കാൻ മന്ത്രി കെ.ടി ജലീൽ ദേവികയുടെ വീട്ടിലെത്തി
വള്ളിക്കുന്ന്: ഇരു കൈകളും ഇല്ലാതെ കാൽകൊണ്ട് പരീക്ഷ എഴുതി എസ്എസ്‌എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സി പി ദേവികയെ കാണാൻ മന്ത്രി കെ ടി ജലീൽ എത്തി. വള്ളിക്കുന്ന് ഒലിപ്രംകടവ് സ്വദേശി സി.പി സജീവ്-സുജിത ദമ്പതികളുടെ മൂത്തമകളാണ് ദേവിക. വീട്ടിൽ എത്തിയ മന്ത്രി ദേവികയുമായി ഏറെ നേരം സംസാരിച്ചു. പഠിച്ച് ഐഎഎസ് നേടണമെന്നും പ്ലസ്‌ടുവിന‌് ശേഷം ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ചേർന്ന് ഇംഗ്ലീഷ് സാഹിത്യം എടുത്തുപഠിക്കണമെന്നും മന്ത്രി ഉപദേശിച്ചു.
കൊണ്ടുവന്ന മധുരം ദേവികയ‌്ക്ക് വേണ്ടി അനിയൻ ഗൗതമിന് കൈമാറി. മന്ത്രി എഴുതിയ മലബാർ കലാപം, മുഖപുസ്തക ചിന്തകൾ എന്നീ രണ്ട് പുസ്തകങ്ങളും കൈമാറി. നല്ലൊരു സിവിൽ സർവീസ് ഉദ്യോഗസ്ഥയായി മാറട്ടെ എന്നനുഗ്രഹിച്ചാണ് മന്ത്രി മടങ്ങിയത്. മന്ത്രിയുടെ അഡീഷണൽ സെക്രട്ടറി കെ വിശ്വനാഥൻ, വേലായുധൻ വള്ളിക്കുന്ന്, കയാമ്പടം വേലായുധൻ, ടി വി രാജൻ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here