കോൺഗ്രസും മുസ്ലിം ലീഗും ബിജെപിക്ക് ഓശാന പാടുന്നു- മന്ത്രി കെ.ടി ജലീൽ
വളാഞ്ചേരി: കോൺഗ്രസും മുസ്ലിം ലീഗും ബിജെപിക്ക് ഓശാന പാടുന്ന നടപടികളാണ് ഇപ്പോൾ കാണുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ. വളാഞ്ചേരിയിൽ ഡി.വൈ.എഫ്.ഐ നടത്തിയ നവോത്ഥാന സദസിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒറ്റ രാത്രി കൊണ്ട് ഉണ്ടായ ഒരു രാജവിളംബരത്തിന്റെ പശ്ചാത്തലത്തിലല്ല നാട്ടിൽ ക്ഷേത്രപ്രവേശനം സാധ്യമായത്.
ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഒരു ഗവൺമെന്റ് എന്ന നിലയിൽ ഇടതു പക്ഷ സർക്കാർ എന്താണ് ചെയ്യേണ്ടത്. സുപ്രീം കോടതി വിധി ലംഘിക്കപ്പെട്ടാൽ ഈ രാജ്യത്ത് ആർക്കാണ് കോടതികളെ ഭയമുണ്ടാകുകയെന്ന് മത്രി ചോദിച്ചു. ബാബറി മസ്ജിദ് പോലുള്ള പല വിധികളും പുറത്ത് വരാൻ ഇരിക്കുകയാണെന്നും ഈ വിധി ലംഘിക്കപ്പെട്ടാൽ വരാനിരിക്കുന്ന വിധികൾ ഇതു ലംഘിച്ചു എന്ന കാരണത്താൽ കാറ്റിൽ പറത്താൻ കാരണമാകുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ഏതെങ്കിലും ഭക്തരായിട്ടുള്ള സ്ത്രീകൾ ശബരിമലയിലെത്തിയാൽ അവർക്ക് ദർശനം നടത്താനുള്ള സൌകര്യമൊരുക്കാനുള്ള ചുമതല സർക്കാരിനുണ്ട്.ആ ചുമതല ആണ് ഗവൺമെന്റ് നിർവ്വഹിച്ചത്.
രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന നിലപാടുകാരാണ്. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചപ്പോൾ ആർഎസ്‌എസും ബിജെപിയും കേരളത്തിൽ കലാപം സൃഷ്ടിക്കാൻ ശ്രമം നടത്തി. അവർക്ക് ജയ് വിളിക്കുകയായിരുന്നു കോൺഗ്രസും ലീഗും ചെയ്തത്. മുസ്ലിം ലീഗിന്റെ നേതാക്കന്മാർ ഓർഡിനെൻസ് ഇറക്കാൻ പ്രധാനമന്ത്രിയെ കാണാനാണ് ശ്രമിച്ചത്. പിണറായി വിജയനും കൂട്ടരും മുസ്ലിം വിരുദ്ധരാണെന്ന് ലീഗുകാർ പറയുന്നുവെന്നും മത്രി കുറ്റപ്പെടുത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here