HomeNewsIncidentsരക്ഷകർത്താവായി മന്ത്രി; സുഗന്ധിയും കല്യാണിയും സുമംഗലികൾ

രക്ഷകർത്താവായി മന്ത്രി; സുഗന്ധിയും കല്യാണിയും സുമംഗലികൾ

rescue home marriage

രക്ഷകർത്താവായി മന്ത്രി; സുഗന്ധിയും കല്യാണിയും സുമംഗലികൾ

കുറ്റിപ്പുറം ∙ നൂറുകണക്കിന് ആളുകളുടെ അനുഗ്രഹം ഏറ്റുവാങ്ങി സുഗന്ധിയും

കല്യാണിയും സുമംഗലികളായി. രക്ഷിതാവിന്റെ സ്ഥാനത്തുനിന്ന്, ഇരുവരുടെയും കൈപിടിച്ച് മന്ത്രി കെ.ടി.ജലീൽ വിവാഹവേദിയിലെത്തിയപ്പോൾ തവനൂർ വയോജനമന്ദിരം കാരുണ്യത്തിന്റെ കതിർമണ്ഡപമായി. സാമൂഹികനീതി വകുപ്പിനു കീഴിലെ തവനൂർ മഹിളാമന്ദിരത്തിലെ അന്തേവാസികളായ സുഗന്ധിയുടെയും കല്യാണിയുടെയും വിവാഹമാണ് കൂരട ഗ്രാമത്തിന് ആഘോഷമായത്.rescue home marriage

വിവാഹച്ചടങ്ങുകൾക്കായി വയോജന മന്ദിരത്തിലുള്ളവർ രാവിലെത്തന്നെ അണിഞ്ഞൊരുങ്ങി. വയോജന മന്ദിരത്തിന്റെ നടുമുറ്റത്ത് ഒരുക്കിയ കതിർമണ്ഡപത്തിലായിരുന്നു ചടങ്ങുകൾ. മറ്റ് അഭയകേന്ദ്രങ്ങളിലെ അന്തേവാസികളും ഉദ്യോഗസ്ഥരും ത്രിതല പഞ്ചായത്ത് പ്രതിനിധികളും നാട്ടുകാരും നിറഞ്ഞുകവിഞ്ഞ വേദിയിലേക്കു സുഗന്ധിയുടെയും കല്യാണിയുടെയും കൈകൾ പിടിച്ച് മന്ത്രിയെത്തി. ഇരുവരുടെയും ഉറ്റവരായി മന്ത്രിയും സ്പീക്കറും വകുപ്പ് ഉദ്യോഗസ്ഥരുമാണ് മണ്ഡപത്തിലുണ്ടായിരുന്നത്.

മുഹൂർത്തമായപ്പോൾ മന്ത്രി താലിമാലകൾ കൈമാറി. വണ്ടൂർ എളങ്കൂർ സ്വദേശി പ്രഭേഷ് സുഗന്ധിയുടെയും എടപ്പാൾ വട്ടംകുളം സ്വദേശി മനോജ് കല്യാണിയുടെയും കഴുത്തിൽ താലിയണിഞ്ഞു. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നൽകിയ മാലയാണ് വധൂവരന്മാർ ചാർത്തിയത്. ഇരുവരുടെയും വിവാഹത്തിനായി നാട്ടുകാരുടെയും മാനേജ്മെന്റ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ മന്ത്രി ജലീലാണ് ഒരുക്കങ്ങൾ നടത്തിയത്.

സുഹൃത്തുക്കളുടെയും ഉദാരമതികളുടെയും സഹായത്തോടെയാണ് മന്ത്രി ഇരുവർക്കുമായി അഞ്ചുപവൻ വീതം സ്വർണാഭരണങ്ങളും വിവാഹവസ്ത്രങ്ങളും കണ്ടെത്തിയത്. അധികൃതർ മറ്റ് അന്തേവാസികൾക്കായി പുത്തൻ വസ്ത്രങ്ങളും വാങ്ങിയിരുന്നു. ആയിരത്തോളംപേർക്കായി വിവാഹസദ്യയും ഒരുക്കി. വർഷങ്ങളായി തവനൂർ മഹിളാമന്ദിരത്തിലെ അന്തേവാസികളാണ് അനാഥരായ സുഗന്ധിയും കല്യാണിയും. മഹിളാമന്ദിരത്തിലെ ആറ‌ു യുവതികളുടെ വിവാഹം ഇത്തരത്തിൽ മുൻപ് നടത്തിയിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!