കുറ്റിപ്പുറത്ത് മലിനജലം ദേശീയപാതയിലേക്ക് ഒഴുക്കിയ മീൻലോറി മന്ത്രിയും നാട്ടുകാരും കയ്യോടെ പിടികൂടി
കുറ്റിപ്പുറം: ദുർഗന്ധം വമിക്കുന്ന മലിനജലം ദേശീയപാതയിലേക്ക് ഒഴുക്കിയ മീൻലോറി മന്ത്രി വി.എസ്.സുനിൽകുമാറും നാട്ടുകാരും ചേർന്നു പിടികൂടി. ദേശീയപാതയിലെ കുറ്റിപ്പുറം റെയിൽവേ മേൽപാലത്തിന് സമീപം ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം.
കന്യാകുമാരിയിൽനിന്ന് ബെംഗളൂരുവിലേക്ക് മീൻ മാലിന്യം കൊണ്ടുപോവുകയായിരുന്ന ലോറിയാണ് മന്ത്രിയും നാട്ടുകാരും ചേർന്നു പിടികൂടിയത്. ലോറിക്കു പിന്നിൽ വരികയായിരുന്നു മന്ത്രിയുടെ വാഹനം. ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് മലിനജലം പുറത്തേക്ക് ഒഴുകിയിരുന്നു.
കുറ്റിപ്പുറം റെയിൽവേ മേൽപാലത്തിന് സമീപത്ത് നിർത്തി ലോറിയിൽനിന്ന് ജീവനക്കാർ മലിനജലം പുറത്തേക്ക് തുറന്നു വിടുന്നതിനിടെ പ്രതിഷേധവുമായി നാട്ടുകാർ എത്തി. തൊട്ടുപിന്നാലെ മന്ത്രിയും എത്തി.
പ്രദേശത്ത് ദുർഗന്ധം പരന്നതോടെ ലോറി തുറന്ന് പരിശോധിക്കാൻ മന്ത്രി പൊലീസിനോട് നിർദേശിച്ചു. വളം നിർമാണത്തിനായി കൊണ്ടുപോവുകയായിരുന്ന പഴകിയ മത്സ്യമാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഡ്രൈവറെ കുറ്റിപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനു മുൻപ് ഇതേ പ്രദേശത്ത് അറവുമാലിന്യങ്ങൾ തള്ളിയിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here