കഥപറഞ്ഞും കവിതകൾ ചൊല്ലിയും അനുഭവങ്ങൾ പങ്കുവച്ചും പാട്ടുപാടിയും ഒരു പകൽ മുഴുവൻ ചെലവഴിച്ചു ‘മൂല്യങ്ങളുടെ സ്വരലയം’ പരിപാടി ആവേശമായി
വളാഞ്ചേരി: എംഇഎസ് കോളജ് മുറ്റത്തെ ചീനിമരത്തണലിൽ
അവർ ഒത്തുചേർന്നു. അതിഥിയും ആതിഥേയരുമില്ലാതെ കുട്ടികൾ മുതൽ വയയോധികർ വരെ. വളാഞ്ചേരിയിലെ ഒരു സംഘം സഹൃദയർ ഒരുക്കിയ ‘മൂല്യങ്ങളുടെ സ്വരലയം’ പരിപാടി ആവേശമായി. കഥപറഞ്ഞും കവിതകൾ ചൊല്ലിയും അനുഭവങ്ങൾ പങ്കുവച്ചും പാട്ടുപാടിയും ഒരു പകൽ മുഴുവൻ ചെലവഴിച്ചു. ചിത്ര–ഫോട്ടോ–പുസ്തകപ്രദർശനങ്ങൾ, വ്യത്യസ്ത ചിന്താഗതിക്കാരുടെ പരിചയപ്പെടലുകൾ തുടങ്ങി സമൂഹത്തിലെ വ്യത്യസ്തതകളുടെ സംഗമവും സമന്വയവുമായി മാറിയ പരിപാടി കാണാനും ഏറെപ്പേർ എത്തി.
പ്രഫ. പി.പി.സാജിദിന്റെ പുരാവസ്തു ശേഖര പ്രദർശനവും അനിൽകുമാറിന്റെ വരയും പൂമ്പാറ്റകളെ പരിചയപ്പെടുത്തുന്ന ചിത്രപ്രദർശനവും പങ്കെടുത്തവർക്കു കാഴ്ചവിരുന്നായി. എല്ലാവർക്കും തുല്യത നൽകി നടന്ന കൂട്ടായ്മയിൽ മലബാറിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഒട്ടേറെ ആളുകൾ സ്വന്തം അനുഭവങ്ങൾ അവതരിപ്പിക്കാനും വിജയകഥകൾ അറിയിക്കാനും മരത്തണലിൽ സമയം കണ്ടെത്തി.
രാവിലെ ഷെഹ്നായിയിലും ചെണ്ടയിലും കൊട്ടിപ്പാടിയായിരുന്നു കൂട്ടായ്മയ്ക്കു തുടക്കം. സന്ധ്യയ്ക്കു മരത്തണലിൽ മെഴുകുതിരി തെളിച്ചു നടന്ന സമാപന കൂട്ടായ്മയ്ക്കു ശേഷം ഉമ്പായിയുടെ ഗസൽ ശ്രവിക്കാൻ കോളജ് മുറ്റം നിറയെ ആസ്വാദകരായിരുന്നു. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, എംഇഎസ് സംസ്ഥാന സെക്രട്ടറി ഡോ. എൻ.എം.മുജീബ്റഹ്മാൻ, നജീബ് കുറ്റിപ്പുറം എന്നിവർ പകൽ മുഴുവൻ നീണ്ട പരിപാടിക്കു നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here