HomeNewsPublic Issueബസ് സ്റ്റാന്റ് നവീകരണം: നടു റോഡിൽ ആളെയിറക്കി ബസുകൾ

ബസ് സ്റ്റാന്റ് നവീകരണം: നടു റോഡിൽ ആളെയിറക്കി ബസുകൾ

valanchery bus

ബസ് സ്റ്റാന്റ് നവീകരണം: നടു റോഡിൽ ആളെയിറക്കി ബസുകൾ

വളാഞ്ചേരി: നഗരസഭാ ബസ്‍ സ്റ്റാൻഡ് നവീകരണത്തിനായി അടച്ചതോടെ ടൗണിൽ വഴിക്കുരുക്കിന്റെ കൂട്ടപ്പൊരിച്ചിൽ. സ്റ്റാൻഡിനകത്തുനിന്നു പുറപ്പെട്ടിരുന്ന ബസുകൾ ദേശീയപാതയിലേക്കും അനുബന്ധറോഡുകളിലേക്കും ഇറങ്ങിയതോടെ രാവിലെ തുടങ്ങി വൈകും വരെ നഗരത്തിൽ ഗതാഗതക്കുരുക്ക്. തിരക്ക് നിയന്ത്രിക്കാനോ വാഹനങ്ങൾ വഴിതിരിച്ചു വിടാനോ ആവശ്യമായ നിയമപാലകർ പ്രധാന റോഡിൽ ഇല്ലാതിരുന്നതും യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കി. വളാഞ്ചേരി നഗരസഭാ ബസ് സ്റ്റാൻഡ് തിങ്കൾ രാത്രിയാണ് നവീകരണത്തിനായി അടച്ചത്.

റീ ടാറിങ്ങും കോൺക്രീറ്റ് ജോലികൾക്കുമായി രണ്ടു ദിവസത്തേക്ക് അടച്ചിടുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. ഇന്നലെ വൈകിട്ടോടെ റീ ടാറിങ് ഭാഗികമായാണ് പൂർത്തിയായത്. അരിക് കോൺക്രീറ്റ് ചെയ്യുന്ന ജോലികളും നടക്കേണ്ടതുണ്ട്. ഇതു തീരണമെങ്കിൽ രണ്ടു ദിവസംകൂടി സ്റ്റാൻഡ് അടച്ചിടേണ്ടി വരും. അതുകൂടിയാകുമ്പോൾ നഗരത്തിലെ ഗതാഗതക്കുരുക്കും ഏറും. തിരൂർ, പട്ടാമ്പി, പെരിന്തൽമണ്ണ, കുറ്റിപ്പുറം ഭാഗങ്ങളിലേക്കു പോകുന്ന പ്രാദേശിക ബസ് സർവീസുകൾ, നിർത്തി ആളെ കയറ്റി ഇറക്കുന്നതിനു ബന്ധപ്പെട്ടവർ കൃത്യമായ സ്ഥലം നിർദേശിച്ചിരുന്നുവെങ്കിലും മിക്ക ബസുകളും അതു പാലിക്കപ്പെടാത്തതാണ് വാഹനക്കുരുക്ക് അനുഭവപ്പെടാനുള്ള കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.

കെഎസ്ആർടിസിയുടേത് അടക്കമുള്ള ദീർഘദൂരബസുകൾ ഇരുവശത്തുമുള്ള വാഹനങ്ങളുടെ ബാഹുല്യത്തെ തുടർന്ന് നടുറോഡിൽ യാത്രക്കാരെ ഇറക്കിവിടേണ്ട അവസ്ഥയിലായി. സ്വകാര്യ ദീർഘദൂര ബസുകളിൽ പലതും വഴിക്കുരുക്കു ഭയന്ന് ബൈപാസ്, തിരുനാവായ റോഡ് വഴികളിലൂടെയും കടന്നുപോയി. സ്കൂൾ വിദ്യാർഥികളും സ്ത്രീകൾ അടക്കമുള്ള യാത്രക്കാരും നാട്ടിലേക്കു ബസ് പിടിക്കുന്നതിനായി വിവിധ റോഡുകളിൽ വട്ടം കറങ്ങേണ്ടി വന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!