ഇരിമ്പിളിയത്ത് ജലജീവൻ മിഷൻ മുഖേന 7000 വീടുകളിൽ കുടിവെള്ളമെത്തും
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതി മുഖേന 7000 വീടുകളിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളും ഗ്രാമപ്പഞ്ചായത്തും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഒരുകോടി രൂപയാണ് ഇതിനായി നീക്കിവെക്കുന്നത്. ഇതിൽ 45 ശതമാനം കേന്ദ്രസർക്കാർ വിഹിതമാണ്. 30 ശതമാനം സംസ്ഥാനസർക്കാരും 15 ശതമാനം ഗ്രാമപ്പഞ്ചായത്തും നൽകും. 10 ശതമാനം ഗുണഭോക്തൃവിഹിതമാണ്.
പഞ്ചായത്ത് 13.5 ലക്ഷംരൂപ ഇതിനായി നീക്കിവെച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ 17 വാർഡുകളിലുമായി 500 വീടുകളിലേക്കാണ് വെള്ളമെത്തുക. തുടർന്നുള്ള ഘട്ടങ്ങളിൽ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തുന്നവിധമാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം കോട്ടപ്പുറത്ത് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി. മുഹമ്മദ് നിർവഹിച്ചു.
ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ അധ്യക്ഷതവഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എൻ. ഉമ്മുകുൽസു, പള്ളത്ത് വേലായുധൻ, ആനന്ദ്കുമാർ, വി.എം. സുജാത, പി. സൈതാലിക്കുട്ടി ഹാജി, കെ. മുഹമ്മദ് അലി, കെ. അനീസ്, പി. ഷുഹൈബ് തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here