വോട്ടുകൾ വീട്ടുകാര്യമാണ് പൈങ്കണ്ണൂരിലെ ഈ അമ്മയ്ക്കും മകൾക്കും
കുറ്റിപ്പുറം:കുറ്റിപ്പുറം പൈങ്കണ്ണൂരിലെ പാലക്കോട്ടിൽ ഹരിദാസൻ്റെ വീട്ടിൽ വോട്ട് ചർച്ചകൾ സജീവമാണ്. അതും പഞ്ചായത്തിലെ രണ്ട് വാർഡുകളിലെ വിശേഷങ്ങളാണ് ഇവർക്ക് പങ്ക് വെക്കാനുള്ളത്. അമൃതാ ഹരിദാസും ഇവരുടെ അമ്മ രാധ മണിയുമാണ് ഒരേ പാർട്ടിക്ക് വേണ്ടി തെരെഞ്ഞടുപ്പ് ഗോദയിലിറങ്ങിയിരിക്കുന്നത്. 21 കാരിയായ അമൃതയും 42 കാരിയായ രാധ മണിയും ബി.ജെ.പി സ്ഥാനാർത്ഥികളായിട്ടാണ് കന്നിയങ്കത്തിന് ഇറങ്ങിയിരിക്കുന്നത. രാധാമണി കുറ്റിപ്പുറം പഞ്ചായത്തിലെ ഒൻപതാം വാർഡിലും മകൾ അമൃത പന്ത്രണ്ടാം വാർഡിലുമാണ് എൻ.ഡി.എ മുന്നണിക്ക് വേണ്ടി ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്നത്. സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടത് മുതൽ അമ്മയും മകളും തെരെഞ്ഞടുപ്പ് പ്രചാരണ രംഗത്ത് ഏറെ സജീവമായി കഴിഞ്ഞു. രാവിലെ വീട്ടിലെ ജോലികൾ തകൃതിയിൽ തീർത്ത് ഇരുവരും വീട്ടിൽ നിന്ന് ഇറങ്ങും. പിന്നെ രണ്ട് വഴിക്ക് തിരിയും. വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യാർത്ഥിക്കാൻ. ഇത്തവണ തങ്ങൾക്ക് ഒരവസരം തരണമെന്ന് ഇരുവരും വോട്ടർമാരോട് ആവശ്യപ്പെടുന്നു.
വാർഡുകളുടെയും നാടിൻ്റെയും സമഗ്ര വികസനത്തിനും കുടിവെളള പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിനും തങ്ങൾക്ക് ഒരു വോട്ട് നൽകണമെന്ന് ഇരുവരും ആവശ്യപ്പെടുന്നു. യു.ഡി.എഫിന് മുൻതൂക്കമുളള വാർഡുകളാണ് രണ്ടും. കഴിഞ്ഞ തവണ ഒൻപതാം വാർഡിൽ 457 വോട്ടുകൾക്ക് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാണ് വിജയിച്ചത്. ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിലൂടെ വാർഡ് പിടിച്ചെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് രാധാമണി. യുവ വോട്ടർമാരിൽ പ്രതീക്ഷയർപ്പിച്ചാണ് അമൃതയുടെ പ്രവർത്തനം. പരമ്പരാഗതമായി യു.ഡി.എഫിനെയും എൽ.ഡിഎഫിനെയും തുണക്കുന്ന വോട്ടർമാർ ഇത്തവണ തന്നെ സ്വീകരിക്കുമെന്ന് അമൃത പറയുന്നു. പാർട്ടി ഇത്തവണ കൂടുതൽ പ്രധാന്യം നൽകിയത് യുവത്വത്തിനായത് കൊണ്ടാണ് അമ്മക്കും മകൾക്കും സീറ്റ് ലഭിച്ചെതെന്ന് രാധമണിയുടെ ഭർത്താവും ബി.ജെ.പി കോട്ടക്കൽ മണ്ഡലം പ്രസിഡൻ്റുമായ ഹരിദാസ് പറയുന്നു. കുടുംബശ്രീ സി.ഡി.എസ് അംഗമായ രാധാമണി ബി.ജെ.പി മണ്ഡലം സിമിതി അംഗമാണ്. കുറ്റിപ്പുറം പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ് കൊല്ലം ചാത്തന്നൂർ എം.ഇ.എസ് കോളേജിലെ നാലാം വർഷ ബിടെക് വിദ്യാർത്ഥിനിയായ അമൃത.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here