പെരിന്തൽമണ്ണ – വളാഞ്ചേരി – പൊന്നാനി റൂട്ടിലെ സർവീസ് അട്ടിമറിക്കാൻ നീക്കം
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ – വളാഞ്ചേരി – പൊന്നാനി റൂട്ടിൽ ആരംഭിക്കാൻ ഉദ്ദേശിച്ച കെഎസ്ആർടിസി ചെയിൻ സർവീസ് തുടങ്ങുന്നതിനു മുൻപു തന്നെ അട്ടിമറിക്കാൻ നീക്കം. പെരിന്തൽമണ്ണ, പൊന്നാനി ഡിപ്പോകളിൽ നിന്നായി 5 ബസുകൾ വീതം 15 മിനിറ്റ് ഇടവേളയിൽ ഓടിക്കാനാണ് തീരുമാനിച്ചത്. പെരിന്തൽമണ്ണ – വളാഞ്ചേരി റൂട്ട് നിലവിൽ കെഎസ്ആർടിസിയുടെ ദേശസാൽകൃത റൂട്ടാണ്. മുൻപ് റൂട്ടിൽ പൊന്നാനിയിൽ നിന്നും പെരിന്തൽമണ്ണയിൽ നിന്നും 7 വീതം ബസുകൾ ഇറക്കി ചെയിൻ സർവീസ് തുടങ്ങിയിരുന്നു. ആദ്യ കാലത്ത് ശരാശരി ലാഭത്തിലായിരുന്നു മിക്ക സർവീസുകളും. പിന്നീട് സർവീസ് അട്ടിമറിക്കാൻ ശ്രമമുണ്ടായി. കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും ഒരേ സമയം റോഡിൽ ഇറങ്ങിയതോടെ വരുമാനം കുറഞ്ഞു. വരാനിരിക്കുന്ന സർവീസുകൾ ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി ഇല്ലാതാക്കാനാണ് ശ്രമം.
പ്രതിദിനം 40 ട്രിപ്പു വരെ നടത്തിയിരുന്ന റൂട്ടിൽ നിലവിൽ ഒരു കെഎസ്‌ആർടിസി ബസു പോലും സർവീസ് നടത്താനില്ലാത്ത സാഹചര്യമാണ്. സ്വകാര്യ ബസുകൾ ഒരു ദിവസം സർവീസ് നിർത്തിവച്ചാൽ ജനം വലയും. മെഡിക്കൽ കോളജ്, നഴ്സിങ്, കോളജ്, എൻജിനീയറിങ് കോളജ്, ആർട്‌സ് കോളജ്, സ്‌കൂളുകൾ എന്നിവയെല്ലാം ഉൾപ്പെടെ ഒരു ഡസനിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട് ഈ റൂട്ടിൽ. നൂറു കണക്കിന് വിദ്യാർഥികൾ മാത്രം യാത്രക്കാരായുണ്ട്. മുന്നൂറോളം വിദ്യാർഥികൾക്ക് കെഎസ്‌ആർടിസി കൺസഷൻ കാർഡ് നൽകിയിരുന്ന റൂട്ടാണ് ഇത്. സ്‌കൂൾ തുറക്കുന്നതോടെ വിദ്യാർഥികളുടെ യാത്രാ ദുരിതം ഇരട്ടിക്കും. പലപ്പോഴും സ്വകാര്യ ബസിനായി അര മണിക്കൂറും അതിലേറെയും കാത്തു നിൽക്കേണ്ട സാഹചര്യമാണ്. സ്വകാര്യ ബസുകളുടെ സമയത്തിനനുസരിച്ച് കെഎഎസ്ആർടിസി ബസ് സമയം ക്രമീകരിച്ച് സർവീസ് ആരംഭിച്ചാൽ ഏറെ ആശ്വാസമാവും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here