നോമ്പ് തുറക്കാൻ സൗകര്യമൊരുക്കി മോട്ടോർ വാഹന വകുപ്പ്
തിരൂരങ്ങാടി: വാഹനാപകടങ്ങൾ കുറയ്ക്കാൻ വ്യത്യസ്ത പരിപാടിയുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം രംഗത്ത്. നോമ്പ് തുറക്കാൻ വേണ്ടി അമിതവേഗതയിൽ പോയി അപകടമുണ്ടാകാതിരിക്കാൻ ബോധവൽക്കരണവും നോമ്പ് തുറക്കുവാനുള്ള ഈത്തപ്പഴം, വെള്ളം തുടങ്ങിയവ നൽകിയാണ് ഈ വേറിട്ട ബോധവൽക്കരണം ദേശീയപാത കക്കാട് കരിമ്പിൽ പ്രദേശത്ത് സംഘടിപ്പിച്ചത്. ജില്ലയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത് നോമ്പ് കാലത്താണ്.
നോമ്പ് തുറക്കാനുള്ള വൈകിട്ടുള്ള അമിതവേഗതയാണ് ഇതിനു കാരണം. കഴിഞ്ഞദിവസം പരപ്പനങ്ങാടി പാലത്തിങ്ങൽ ഇത്തരത്തിൽ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ജില്ലാ ആർ.ടി.ഒ ടി ജി ഗോകുലിന്റ നിർദ്ദേശപ്രകാരം എം.വി.ഐമാരായ ഷബീർ മുഹമ്മദ്, വി.ഐ അസീം , എ.എം.വി.ഐമാരായ ഹരിലാൽ കെ രാമകൃഷ്ണൻ, ഫസലുറഹ്മാൻ, കെ.ആർ റഫീഖ്, കെ.പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് ബോധവൽക്കരണ സംഘടിപ്പിച്ചത്. നോമ്പ് കാലത്ത് അപകടങ്ങൾ കുറക്കാൻ വരുംദിവസങ്ങൾ ബോധവൽക്കരണം തുടരുമെന്നും മഹല്ല് കമ്മിറ്റികളും സന്നദ്ധപ്രവർത്തകരും ബോധവൽക്കരണം നടത്തി അപകടങ്ങൾ കുറക്കാൻ സഹകരിക്കണമെന്നും ജില്ലാ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ടി.ജി ഗോകുൽ അഭ്യർത്ഥിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here