കോട്ടക്കലിൽ പരാജയം രുചിച്ച് മമ്മൂട്ടി; രണ്ടാമങ്കത്തിലും ആബിദ് ഹുസൈൻ തങ്ങൾക്ക് വിജയം
കോട്ടയ്ക്കൽ: മുസ്‌ലിംലീഗിന്റെ എക്കാലത്തെയും കോട്ടയായ കോട്ടയ്ക്കൽ നിയോജകമണ്ഡലം നിലനിർത്താനായതിന്റെ ആഹ്ലാദത്തിലാണ് പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ. ഭൂരിപക്ഷത്തിൽ 1546 വോട്ടുകളുടെ വർധന മാത്രമാണ് ഇത്തവണ ഉള്ളതെങ്കിലും രണ്ടാംതവണയാണ് ആബിദ് ഹുസൈൻ തങ്ങളുടെ വിജയം.
രണ്ടുതവണയും എൽ.ഡി.എഫ്. സ്ഥാനാർഥിയായി എൻ.സി.പി. ദേശീയ സെക്രട്ടറി എൻ.എ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയായിരുന്നു എതിരാളി. 2016-ലെ തിരഞ്ഞെടുപ്പിൽ 15042 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആബിദ് ഹുസൈൻ തങ്ങൾ വിജയിച്ചത്. ഇത്തവണ 16588 വോട്ടുകൾക്കാണ് വിജയം. 81700 വോട്ടുകളാണ് ആബിദ് ഹുസൈൻ തങ്ങൾ ആകെ നേടിയത്. എതിർസ്ഥാനാർഥി എൻ.എ മുഹമ്മദ് കുട്ടി 65112 വോട്ടുകളും നേടി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടശേഷവും മണ്ഡലത്തിൽ തമ്പടിച്ച് വികസനപ്രവർത്തനങ്ങൾ നടത്തിയ മുഹമ്മദ്കുട്ടി ആ പ്രവർത്തനങ്ങൾ ഒരു അട്ടിമറിക്ക് സഹായകമാകുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. മോദിയുടെ നേട്ടങ്ങൾ വോട്ടാകുമെന്നുകരുതി പ്രചാരണം നടത്തിയ എൻ.ഡി.എ. സ്ഥാനാർഥി പി.പി. ഗണേശന് 2016-ലെ വോട്ടുകൾപോലും നേടാനായില്ല. അന്ന് 13205 നേടിയ എൻ.ഡി.എയ്ക്ക് ഇത്തവണ കിട്ടിയത് 10796 വോട്ടുകൾ മാത്രം. വളാഞ്ചേരി, കോട്ടയ്ക്കൽ നഗരസഭകളും എടയൂർ, ഇരിമ്പിളിയം, കുറ്റിപ്പുറം, മാറാക്കര, പൊന്മള ഗ്രാമപ്പഞ്ചായത്തുകളും ഉൾപ്പെടുന്ന മണ്ഡലമാണ് കോട്ടയ്ക്കൽ.
വോട്ടു നില
യു.ഡി.എഫ് : 81700
എൽ.ഡി.എഫ് : 65112
എൻ.ഡി.എ : 10796
നോട്ട : 670
ഭൂരിപക്ഷം : 16588
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here