സൈക്ലിങ്ങിൽ മലബാറിന്റെ അഭിമാനമായി കടുങ്ങാത്തുകുണ്ട് സ്വദേശി നദീർ
കല്പകഞ്ചേരി: 1400 കിലോമീറ്റർദൂരം 98 മണിക്കൂർ കൊണ്ട് പൂർത്തിയാക്കി ദീർഘദൂര സൈക്ലിങ്ങിൽ മലബാറിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് കല്പകഞ്ചേരി കടുങ്ങാത്തുകുണ്ട് സ്വദേശി മയ്യേരി നദീർ. ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിച്ച ദീർഘദൂര സൈക്ലിങ്ങി (എൽ.ആർ.എം) ലായിരുന്നു വളവന്നൂരിലെ പരേതനായ അയമുവിന്റെയും റുഖിയയുടെയും മകനായ നദീറിന്റെ ഈ പ്രകടനം.
യു.പി, ഡൽഹി, ഹരിയാണ, പഞ്ചാബ്, ജമ്മുകശ്മീർ, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയായിരുന്നു യാത്ര. ഉത്തർപ്രദേശിലെ നോയിഡയിൽ 19-ന് പുലർച്ചെ അഞ്ചുമണിക്ക് ഫ്ലാഗ് ഓഫ് ചെയ്ത റൈഡ് ഹിമാചൽപ്രദേശിലെ ഡൽഹൗസി ചമേര തടാകം വരെ പോയി തിരികെ ഗ്രേറ്റർ നോയിഡയിൽ 23-ന് തിരിച്ചെത്തി. ഇത്രയും കിലോമീറ്റർ സഞ്ചരിക്കാൻ അനുവദിച്ച സമയം 112 മണിക്കൂർ ആയിരുന്നെങ്കിലും 98 മണിക്കൂർ കൊണ്ട് നദീർ മത്സരം പൂർത്തിയാക്കി.
മൂന്നുവർഷമായി ഈ താരം സൈക്ലിങ് രംഗത്തെത്തിയിട്ട്. കേരളത്തിലെ എല്ലാ ജില്ലയിലേക്കും സൈക്കിളിൽ സഞ്ചരിച്ച ഇദ്ദേഹം കർണാടകത്തിലെയും തമിഴ്നാട്ടിലെയും നിരവധി സ്ഥലങ്ങളിലേക്കും സൈക്കിൾ സവാരി നടത്തിയിട്ടുണ്ട്. തിരൂർ സൈക്ലിങ് ക്ലബ്ബിന്റെ സെക്രട്ടറി കൂടിയാണ്. ബാസിലയാണ് ഭാര്യ. അഹമ്മദ് സാക്കിയും ഫാത്തിമ സാറയും മക്കളാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here