‘ഭൂതകാലത്തേക്കുള്ള ജാലകങ്ങള്‍’ ദേശീയ സംസ്‌കാര പൈതൃക ശില്പശാല പറമ്പത്തുകാവില്‍ തുടങ്ങി
വെണ്ടല്ലൂര്‍: ‘ഭൂതകാലത്തേക്കുള്ള ജാലകങ്ങള്‍’ എന്ന തലക്കെട്ടില്‍ വളാഞ്ചേരി വെണ്ടല്ലൂര്‍ പറമ്പത്തുകാവില്‍ മൂന്നുദിവസത്തെ ദേശീയ സംസ്‌കാര പൈതൃക ശില്പശാല തുടങ്ങി. ആദ്യദിവസം നടന്ന പരിശോധനകളില്‍ പതിനായിരം വര്‍ഷത്തോളം പഴക്കമുള്ള കേരളീയജീവിതത്തിന്റെ തെളിവുകള്‍ ലഭിച്ചതായി ചരിത്രകാരന്മാര്‍ പറഞ്ഞു. തഞ്ചാവൂര്‍ സര്‍വകലാശാലയിലെ പുരാവസ്തു പഠനവിദഗ്ധനായ ഡോ. വി. ശെല്‍വകുമാറാണ് പതിനായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന മലയാളിജനതയുടെ പൂര്‍വികരുടെ സൂക്ഷ്മശിലായുധങ്ങള്‍ കണ്ടെത്തിയത്.
സൂക്ഷ്മശിലായുഗത്തില്‍നിന്ന് തുടങ്ങി മഹാശിലായുഗഘട്ടത്തിലും ഇരുമ്പുയുഗഘട്ടത്തിലും അതിനെത്തുടര്‍ന്നുണ്ടായ കാര്‍ഷികജീവിത വ്യവസ്ഥയിലും ജീവിച്ചിരുന്നവരുടെ തുടര്‍ച്ചയായ അധിവാസമേഖലയായിരുന്നു പറമ്പത്തുകാവിലുള്ളതെന്ന് ശില്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രൊഫ. എം.ജി.എസ്. നാരായണന്‍ പറഞ്ഞു. ഇരുമ്പുഖനനത്തിന്റെയും സാങ്കേതികവിദ്യയുടെയും കേന്ദ്രമായിരുന്നു ഈ മേഖലയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഡോ. എം.ആര്‍. രാഘവവാരിയര്‍ അഭിപ്രായപ്പെട്ടു.
കോഴിക്കോട് സര്‍വകലാശാലാ ചരിത്രവിഭാഗത്തിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച തുടങ്ങിയ ശില്പശാല ആബിദ്ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. സര്‍വകലാശാലാ ചരിത്രവിഭാഗം തലവന്‍ ഡോ. ശിവദാസന്‍ അധ്യക്ഷതവഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, രജിസ്ട്രാര്‍ ടി. അബ്ദുള്‍മജീദ്, ചരിത്രകാരന്‍ ഡോ. കെ. ഗോപാലന്‍കുട്ടി, ഡോ. വി.വി. ഹരിദാസ്, ഡോ. ടി.എം. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. ശില്പശാല വ്യാഴാഴ്ച സമാപിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here