കുറ്റിപ്പുറം പാലത്തിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു
കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിൽ തെരുവ് വിളക്കില്ലാത്തത് യാത്രക്കാർക്കും പ്രദേശവാസികൾക്കും ഒരുപോലെ ബുദ്ധിമുട്ടാവുന്നുണ്ട്. ദീർഘദൂര യാത്രക്കാരടക്കം രാത്രിയിൽ നിരവധിയാളുകൾ സഞ്ചരിക്കുന്ന പാലമാണിത്. ശബരിമല തീർത്ഥാടന കാലയളവിൽ മിനി പമ്പയിലേക്കടക്കം മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി ആളുകൾക്കാണ് ഈ പാലത്തിലൂടെ സഞ്ചരിക്കേണ്ടി വരിക. വർഷങ്ങളായി തെരുവു വിളക്കുകൾ സ്ഥാപിക്കാതെ കിടക്കുന്ന പാലത്തിലൂടെയുള്ള രാത്രിയിലെ യാത്ര അപകട സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്ന ഭയപ്പാടിലാണ് പ്രദേശവാസികൾ. നിരവധി കണ്ടൈനർ ലോറികളടക്കം പാലത്തിലൂടെ കടന്നുപോവുമ്പോൾ അപകട സാദ്ധ്യതകൾ കുറക്കാൻ പാലത്തിൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന് നിരവധി തവണ നാട്ടുകാരടക്കം ആവശ്യപ്പെട്ടിരുന്നു. വെളിച്ചമില്ലാത്തത് കാരണം പുഴയിൽ വെള്ളം കുറവാണെന്ന ധാരണയിൽ പുഴയിലൂടെ നടക്കുന്നവരുമുണ്ട്. ഇങ്ങനെ നടന്നവരിൽ പലരും ഒഴുക്കിൽപെട്ട സാഹചര്യവും ഉണ്ടായിരുന്നു. കഴിഞ്ഞ വർഷങ്ങളിലായി ചിലയാളുകൾ മരണപ്പെടുകയും ചെയ്തു. നാട്ടുകാരുടേയും, ഫയർഫോഴ്സിന്റെയും സമയബന്ധിതമായ ഇടപെടലിലൂടെയാണ് പലരെയും രക്ഷിക്കാനായത്. പാലത്തിലെ ശോചനീയാവസ്ഥകളടക്കം പരിഹരിച്ച് തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാഷണൽ ഹൈവേ അതോറിറ്റിക്ക് പാലത്തിലേക്ക് വൈദ്യുതി എത്തിക്കുവാനും ലൈറ്റുകൾ സ്ഥാപിക്കാനും കഴിയുമെന്ന് കുറ്റിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി സിദ്ദിഖ് പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here