കൊള്ളപ്പലിശ: കൂടുതൽ പരാതികൾ ലഭിച്ചതായി സൂചന
വളാഞ്ചേരി: പണം കടംകൊടുത്ത് കൊള്ളപ്പലിശ വാങ്ങി ആഡംബരജീവിതം നയിക്കുന്ന വളാഞ്ചേരി വെങ്ങാട് അത്തിപ്പറ്റ വലിയകത്ത് മുഹമ്മദ് റഫീഖിന് (35) എതിരേ കൂടുതൽ പരാതികൾ ലഭിച്ചതായി സൂചന. ചെറിയ തുകയ്ക്കുപോലും വൻപലിശ വാങ്ങി ഇയാൾ കോടികൾ സമ്പാദിച്ചതായി പോലീസ് പറയുന്നു.
അന്വേഷണോദ്യോഗസ്ഥനായ വളാഞ്ചേരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ടി. മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം റഫീഖിന്റെ വീട്ടിലെത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. എന്നാൽ ഇയാൾക്ക് വിദേശത്ത് കടക്കാനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ ഇൻകംടാക്സ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വകുപ്പും ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനൊരുങ്ങുന്നതായി സൂചനയുണ്ട്.
ബിസിനസ് ആവശ്യാർഥം കൊള്ളപ്പലിശയ്ക്ക് പണം കടംകൊടുക്കുന്ന റഫീഖിന്റെ വീട്ടിൽ ബുധനാഴ്ചയാണ് പോലീസ് റെയ്ഡ് നടത്തിയത്. പണം കടംവാങ്ങിയ മൂത്തേടത്ത് അഷറഫിന്റെ പരാതിയെത്തുടർന്നായിരുന്നു റെയ്ഡ്. റെയ്ഡിൽ ഇരുപത്തിയൊന്നരലക്ഷം രൂപയും നോട്ടെണ്ണുന്നയന്ത്രവും കൂടാതെ ലാപ്‌ടോപ്പുകൾ, ബ്ലാങ്ക് ചെക്ക്‌ലീഫുകൾ, മുദ്രപ്പേപ്പറുകൾ, അസൽ ആധാരങ്ങൾ, എഗ്രിമെന്റുകൾ തുടങ്ങിയവ കണ്ടെടുത്തിരുന്നു. റഫീഖിന്റെ വീട്ടിലും കൂടാതെ റസ്റ്റ്ഹൗസ്, ബന്ധുവീടുകൾ തുടങ്ങി അഞ്ചിടങ്ങളിലുമാണ് ഒരേസമയം പരിശോധന നടന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here