വലിക്കാരെ പേടിപ്പിക്കാൻ സിഗരറ്റ് പാക്കറ്റിൽ പുതിയ ചിത്രം
ന്യൂഡൽഹി: കണ്ടാൽ അറപ്പും ഭീതിയും തോന്നുന്ന കാൻസർ രോഗിയുടെ പുതിയ ചിത്രം അടുത്ത മാസം മുതൽ സിഗരറ്റ് അടക്കമുള്ള പുകയില ഉൽപന്നങ്ങളുടെ പാക്കറ്റുകളിൽ പ്രത്യക്ഷപ്പെടും. പുകയില ഉപയോഗം കാൻസറിന് വഴിതെളിയിക്കുമെന്ന മുന്നറിയിപ്പായി നൽകുന്ന ചിത്രത്തിനൊപ്പം പുകയില ഉപയോഗം നിറുത്താൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന ടോൾ ഫ്രീ നമ്പരും നൽകണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദ്ദേശിച്ചു.
അർബുദ രോഗിയുടെ കണ്ടാൽ അറപ്പുണ്ടാക്കുന്ന ചിത്രത്തിനൊപ്പം ‘പുകയില വേദന നിറഞ്ഞ മരണത്തിന് കാരണമാകുന്നു’ എന്ന അടിക്കുറിപ്പും അടുത്ത മാസം മുതൽ മാർക്കറ്റിൽ ഇറങ്ങുന്ന ഉൽപന്നങ്ങളിൽ നൽകണം. ‘പുകയില കാൻസിന് കാരണമാകുന്നു’ എന്ന അടിക്കുറിപ്പാണ് ഇപ്പോൾ സിഗരറ്റ് പാക്കറ്റുകളിൽ നൽകുന്നത്. പുകയില ഉപയോഗം നിറുത്താൻ ആഗ്രഹിക്കുന്നവർക്ക് വിളിക്കാൻ 1800 11 2356 ടോൾ ഫ്രീ നമ്പറും ശ്രദ്ധ പതിയുന്ന വിധത്തിൽ നൽകണമെന്ന് നിർദ്ദേശമുണ്ട്. ടോൾ ഫ്രീ നമ്പരിൽ വിളിച്ചാൽ പുകവലി നിറുത്താനുള്ള കൗൺസലിംഗും മറ്റ് നിർദ്ദേശങ്ങളും ലഭിക്കും.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തറിക്കിയ കാൻസർ മുന്നറിയിപ്പ് നൽകുന്ന ചിത്രങ്ങൾ പുകയില ഉൽപന്നങ്ങളുടെ പാക്കറ്റുകളിൽ പ്രദർശിപ്പിക്കാൻ ബന്ധപ്പെട്ട നിയമത്തിൽ 2018 ഏപ്രിലിൽ ഭേദഗതി വരുത്തിയിരുന്നു. കഴിഞ്ഞ സെപ്‌തംബർ മുതൽ പരമ്പരയിലെ ആദ്യ ചിത്രം ഉപയോഗിച്ചു തുടങ്ങി. രണ്ടാമത്തെ ചിത്രമാണ് അടുത്തമാസം മുതൽ പ്രത്യക്ഷപ്പെടുക. കാൻസർ രോഗ മുന്നറിയിപ്പ് ചിത്രത്തിനൊപ്പം ടോൾ ഫ്രീ നമ്പരും നൽകിത്തുടങ്ങിയത് കഴിഞ്ഞ വർഷം മുതലാണ്. പുകയില ഉപയോഗിക്കുന്ന ഭൂരിപക്ഷം പേർക്കും മുന്നറിയിപ്പ് കണ്ട് ശീലം മാറ്റണമെന്ന തോന്നലുണ്ടാകുന്നു എന്ന് ഒരു സർവെയിൽ വ്യക്തമായതായി കേന്ദ്രസർക്കാർ അവകാശപ്പെടുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here