ഖാദി പര്‍ദ ക്ലിക്കായി; വിഷുവിന് പുത്തന്‍ മോഡലുകളിറക്കും
മലപ്പുറം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് പുറത്തിറക്കിയ ഖാദി പര്‍ദ വിപണിയില്‍ തരംഗമായി. ആറുമാസത്തിനിടെ 2000 പര്‍ദകളാണ് ഇറക്കിയത്. ഇതില്‍ 1850 എണ്ണവും വിറ്റു. 2500 -ലധികം പര്‍ദ തുണികളും വിറ്റഴിച്ചു. 52 ലക്ഷത്തിലധികം രൂപയാണ് ഈയിനത്തില്‍ ബോര്‍ഡിന്റെ വരുമാനം.
വിഷുവിനോടനുബന്ധിച്ച് ഏപ്രില്‍ മാസം കൂടുതല്‍ മോഡലുകള്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഖാദിബോര്‍ഡ്. റിബേറ്റ് കഴിഞ്ഞാല്‍ 1500 മുതല്‍ 2000 രൂപ വരെയാണ് വില. സമീപകാലത്ത് ഇറക്കിയ ഉത്പന്നങ്ങളില്‍ ഏറ്റവും ആവശ്യക്കാരുള്ളത് ഖാദി പര്‍ദയ്ക്കാണെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.വി. ബാലകൃഷ്ണന്‍ പറഞ്ഞു.
ചൂടു കുറവാണെന്നതാണ് ഖാദി കോട്ടണ്‍, ‘മനില’ തുണിത്തരങ്ങള്‍ കൊണ്ട് തയ്ച്ച പര്‍ദയുടെ പ്രധാന ആകര്‍ഷണം. കറുപ്പും മറ്റു കളര്‍ നൂലുകളും ഇടകലര്‍ത്തി നെയ്തുണ്ടാക്കുന്ന തുണിയാണ് മനില. കൈകൊണ്ട് നൂറ്റെടുത്ത് കൈകൊണ്ടുതന്നെയാണ് നെയ്യല്‍.
എന്നാല്‍, ആവശ്യത്തിനനുസരിച്ച് പര്‍ദ വിപണിയിലെത്തിക്കാന്‍ കഴിയുന്നില്ല. കണ്ണൂര്‍ പയ്യന്നൂരിലെ ഖാദികേന്ദ്രത്തിലാണ് ഖാദി പര്‍ദ തയ്ച്ചത്. ഖാദി ബോര്‍ഡ് വായ്പ നല്‍കിയ രണ്ട് യൂണിറ്റുകളിലും കുറച്ചെണ്ണം തയ്പിച്ചു. ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളിലെ ഖാദി ബോര്‍ഡ് തയ്യല്‍ യൂണിറ്റുകളിലുള്ളവര്‍ക്ക് പരിശീലനം നല്‍കി ഉത്പാദനം കൂട്ടാനാണ് തീരുമാനം.
വേനല്‍ കടുക്കുന്നതോടെ ഖാദി പര്‍ദയ്ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ബോര്‍ഡ്. നിലവില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മാത്രമാണ് പര്‍ദ എത്തിക്കാനായത്. മറ്റു ജില്ലകളിലും വില്പന തുടങ്ങും. സൗദി അറേബ്യ, യു.എ.ഇ. തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ ആവശ്യം കണക്കിലെടുത്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഖാദിഷോപ്പിലും പര്‍ദ എത്തിക്കാന്‍ ആലോചനയുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here