മഞ്ചേരി നേഴ്‌സിങ് കോളേജ് പ്രവർത്തനം തുടങ്ങുന്നു
മഞ്ചേരി:മെഡിക്കൽ കോളേജിനോട് അനുബന്ധിച്ച് ബിഎസ്‌സി നേഴ്‌സിങ് കോളേജ് ഉടൻ ആരംഭിക്കും. ഈ അധ്യയനവർഷംതന്നെ 60 പേരുടെ ആദ്യബാച്ചിന് പ്രവേശനം നൽകിയേക്കും. ഇതുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ ഓഫീസർ ഡോ. സലീന ഷായുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്‌ച രാവിലെ പത്തോടെ കോളേജിൽ പരിശോധനയ്‌ക്ക് എത്തി.
ആൺകുട്ടികൾക്കായി ഒരുക്കിയ താൽക്കാലിക ഹോസ്റ്റൽ കെട്ടിടം നേഴ്‌സിങ് കോളേജിനായി ഉപയോഗിക്കാനാണ് തീരുമാനം. ഇവിടെ താമസിക്കുന്ന എംബിബിഎസ് വിദ്യാർഥികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. അടിസ്ഥാന സൗകര്യം ഒരുക്കാൻ സ്‌പെഷ്യൽ ഓഫീസർ നിർദേശം നൽകി. ജീവനക്കാരെ വരുംദിവസങ്ങളിൽ നിയമിക്കും.
ക്ലാസ് ആരംഭിക്കാൻ അനുമതി തേടി സർക്കാരുകൾക്കും ആരോഗ്യ സർവകലാശലയ്‌ക്കും അപേക്ഷയും നൽകും. ഇതിനുശേഷം മൂന്ന് വർഷത്തിനുള്ളിൽ നേഴ്‌സിങ് കോളേജിന് ആധുനിക കെട്ടിട സമുച്ചയങ്ങൾ സജ്ജമാക്കാനാണൊരുങ്ങുന്നത്. ഇതിന് പുതിയ ഹോസ്റ്റൽ സമുച്ചയങ്ങളുടെ എതിർവശത്ത് മൂന്ന് ഏക്കർ ഏറ്റെടുക്കും. ഭൂമി ഏറ്റെടുക്കൽ, ക്ലാസ് മുറികൾ, ഹോസ്റ്റൽ അനുബന്ധ സൗകര്യങ്ങൾ എന്നിവയുടെ രൂപരേഖ തയ്യാറാക്കി ഉടൻ സർക്കാരിന് കൈമാറും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here