വളാഞ്ചേരിയിൽ ഇന്നു മുതൽ ഗതാഗത പരിഷകാരങ്ങൾ; ജംഗ്ഷനിൽ നിന്ന് 100 മീറ്റർ ചുറ്റളവിൽ പാർക്കിങ്ങ് നിരോധനം
വളാഞ്ചേരി: വളാഞ്ചേരി നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇന്നു മുതൽ ഗതാഗത പരിഷകാരങ്ങൾ നടപ്പാക്കും. സെൻട്രൽ ജംക്‌ഷൻ മുതൽ 100 മീറ്റർ ചുറ്റളവിൽ നാലു റോഡുകളിലും വാഹനങ്ങൾ നിർത്തിയിടുന്നത് തടയും. തൃശൂർ റോഡിൽ പെട്രോൾ പമ്പ് വരെയും പട്ടാമ്പി റോഡിൽ ബസ് വെയ്റ്റിങ് ഷെഡ് ഭാഗം വരെയും, പെരിന്തൽമണ്ണ റോഡിൽ ബസ് സ്റ്റാൻഡ് കവാടം വരെയും വാഹനങ്ങളുടെ പാർക്കിങ് നിരോധിക്കും.
കോഴിക്കോട് റോഡിൽ ബസ് വെയ്റ്റിങ് ഷെഡ് വരെ നിലവിലുള്ള ഓട്ടോ പാർക്കിങ് നിലനിർത്തും. മറ്റു വാഹനങ്ങൾ പാതയോരത്ത് നിർത്തുന്നതു നിരോധിക്കും. സ്വകാര്യ വ്യക്തിയുടെ പങ്കാളിത്തത്തോടെ പേ പാർക്കിങ് സംവിധാനം തുടങ്ങാൻ നഗരസഭയുടെ അനുമതി തേടും. ഡിസംബർ ആദ്യവാരം നടന്ന ട്രാഫിക് പരിഷ്കാരം നടപ്പാക്കാൻ സർവ കക്ഷിയോഗത്തിലാണ് തീരുമാനങ്ങളുണ്ടായത്. നഗരസഭാധ്യക്ഷൻ അഷ്റഫ് അമ്പലത്തിൽ ആധ്യക്ഷ്യം വഹിച്ചു. പൊലീസ് ഇൻസ്പെക്ടർ കെ.ജെ ജിനേഷ്, പറശ്ശേരി അസൈനാർ, എൻ വേണുഗോപാൽ, സലാം വളാഞ്ചേരി, റംല മുഹമ്മദ്, സി.എം മുഹമ്മദ് റിയാസ്, തൗഫീഖ് പാറമ്മൽ, സി അബ്ദുന്നാസർ, ഡോ. കെ മുഹമ്മദ് റിയാസ്, അനീഷ് വലിയകുന്ന്, ഓട്ടോ–ടാക്സി–ബസ് തൊഴിലാളി യൂണിയൻ പ്രതിനിധികൾ, സന്നദ്ധ സംഘടനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here