ദേശീയപാത സ്ഥലമെടുപ്പിന്റെ സർവേ പൂർത്തിയായി
കുറ്റിപ്പുറം: ദേശീയപാത വികസനത്തിനായി പുറപ്പെടുവിച്ച 3എ വിജ്ഞാപന പ്രകാരമുള്ള സർവേ നടപടികൾ ജില്ലയിൽ പൂർത്തിയായി. തൃശൂർ ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് മുതൽ കോഴിക്കോട് ജില്ലാ അതിർത്തിയായ ഇടിമുഴിക്കൽ വരെയുള്ള 75.6 കിലോമീറ്റർ ഭാഗത്തെ അതിർത്തി നിർണയ ജോലികളാണ് ഇന്നലെ പൂർത്തീകരിച്ചത്.
നാലു താലൂക്കുകളിലൂടെ കടന്നുപോകുന്ന നാലുവരിപ്പാതയുടെ സർവേ ജോലികൾ 25 പ്രവൃത്തി ദിവസങ്ങൾകൊണ്ടാണ് പൂർത്തിയാക്കിയത്. കുറ്റിപ്പുറം–ഇടിമുഴിക്കൽ, കാപ്പിരിക്കാട്– കുറ്റിപ്പുറം എന്നീ രണ്ടു ഭാഗങ്ങളായി തിരിച്ചായിരുന്നു ജില്ലയിലെ സർവേ. ദേശീയപാതയ്ക്കായി 50 മീറ്റർ ഇടവിട്ട് ഇരുവശത്തുമായി 3062 സർവേ കല്ലുകളാണ് സ്ഥാപിച്ചത്.
45 മീറ്റർ വീതിയിലാണ് അതിർത്തി നിർണയിച്ച് കല്ലുകൾ സ്ഥാപിച്ചിട്ടുള്ളത്. ഡപ്യൂട്ടി കലക്ടർ ജെ.ഒ.അരുൺ, ദേശീയപാത ലെയ്സൻ ഓഫിസർ പി.പി.എം.അഷറഫ് എന്നിവരുടെ നേതൃത്വത്തിൽ നൂറോളം വരുന്ന ഉദ്യോഗസ്ഥരും തൊഴിലാളികളുമാണ് ജില്ലയിലെ സർവേ ജോലികളിൽ പങ്കാളികളായത്.
സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിഷേധങ്ങളും മറ്റും തടയാൻ രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും സർവേക്കായി സുരക്ഷയൊരുക്കിയിരുന്നു. ഇന്നലെ തവനൂർ അയങ്കലം മുതൽ കുറ്റിപ്പുറം ഹൈവേ ജംക്‌ഷൻ വരെയുള്ള ഭാഗത്തു നടന്ന അതിർത്തി നിർണയത്തോടെ ജില്ലയിലെ സർവേ ജോലികൾ പൂർത്തിയായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here