നിലമ്പൂർ – എറണാകുളം ട്രെയിൻ കൊല്ലം വരെ നീട്ടാൻ ശുപാർശ
അങ്ങാടിപ്പുറം: ശബരിമല തീർത്ഥാടകർക്കും ദീർഘദൂര ട്രെയിൻ യാത്രക്കാർക്കും ശുഭ വാർത്ത. നിലമ്പൂർ–എറണാകുളം, എറണാകുളം–കോട്ടയം പാസഞ്ചറുകൾ ഒറ്റ ട്രെയിനാക്കി കൊല്ലം വരെ നീട്ടുന്നതിനു റെയിൽവേ അധികൃതർ ശുപാർശ ചെയ്തു. റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചാൽ ഉടൻ നടപ്പാക്കും. നിലമ്പൂരിൽ നിന്നു കൊല്ലത്തേക്ക് 313 കിലോമീറ്ററാണു ദൂരം. നിലമ്പൂരിൽ നിന്ന് 2.55ന് 56363 നമ്പറായി പുറപ്പെടുന്ന പാസഞ്ചർ 8.05ന് എറണാകുളത്തെത്തും. അതേ ട്രെയിൻ 8.30ന് 56389 നമ്പറിൽ കോട്ടയത്തേക്കു പോകും. 10.30ന് കോട്ടയത്തെത്തും. രണ്ടു സർവീസുകളും ലയിപ്പിച്ചു നിലമ്പൂർ – കോട്ടയം ട്രെയിനെന്ന പേരിൽ സർവീസ് നടത്തണമെന്ന് എംപിമാരായ പി.വി.അബ്ദുൽ വഹാബ്, എം.ഐ.ഷാനവാസ്, നിലമ്പൂർ–മൈസൂരു റെയിൽവേ ആക്‌ഷൻ കൗൺസിൽ എന്നിവർ ഏറെക്കാലമായി റെയിൽവേ മന്ത്രാലയത്തിലും, ബോർഡിലും സമ്മർദ്ദം ചെലുത്തി വരികയാണ്.
കോട്ടയത്തുനിന്നു രാത്രി 8.30ന് ശേഷം പുലരും വരെ കായംകുളം, കൊല്ലം ഭാഗത്തേക്കു പാസഞ്ചറില്ല. യാത്രക്കാരുടെ ബുദ്ധിമുട്ടു പരിഹരിക്കാൻ എറണാകുളം–കോട്ടയം പാസഞ്ചർ കൊല്ലത്തേക്കു നീട്ടാൻ എംപിമാരായ എൻ.കെ.പ്രേമചന്ദ്രൻ, ജോസ് കെ.മാണി എന്നിവരും പാസഞ്ചേഴ്സ് അസോസിയേഷനും നിവേദനം നൽകി. എല്ലാവരുടേയും ആവശ്യം പരിഗണിച്ചു റെയിൽവേ ഓപ്പറേഷൻസ് വിഭാഗമാണ് കൊല്ലം വരെ ഒറ്റ ട്രെയിനാക്കി സർവീസിനു ശുപാർശ ചെയ്തത്. കൊല്ലത്ത് 12.30ന് എത്തുന്ന ട്രെയിൻ പുലർച്ചെ മൂന്നിനു നിലമ്പൂരിലേക്കു മടങ്ങും വിധം സമയ ക്രമീകരണം നിർദേശിച്ചതായി അറിയുന്നു. ട്രെയിന്‍ യാഥാർഥ്യമായാൽ ജില്ലയിലെ ശബരിമല തീർത്ഥാടകർക്കും ഏറെ പ്രയോജനം ചെയ്യും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here