ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി
വളാഞ്ചേരി: കാർഷിക വികസന കർഷക ക്ഷേമവകുപ്പ്, വളാഞ്ചേരി നഗരസഭാ കൃഷിഭവന്റെ നേതൃത്വത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ നഗര സഭാ തല ഉദ്‌ഘാടനം നടത്തി. കാട്ടിപ്പരുത്തി പടശേഖരത്തിലെ കാർത്തല പാടത്ത് വെച്ച് നടന്ന ചടങ്ങിന്റെ ഉദ്‌ഘാടനം, വർഷങ്ങളായി രണ്ടാം വിള(മുണ്ടകൻ കൃഷി) മാത്രം ചെയ്യുന്ന പാടശേഖരത്തിൽ ഒന്നാം വിള (വിരിപ്പ്) നെല്കൃഷിക്ക് വിത്തു വിതച്ചു കൊണ്ട് ബഹു. നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്കൽ നിർവഹിച്ചു.
ഒരു നിശ്ചിത പ്രദേശത്തു നിന്ന് കൂടുതൽ വിളവുണ്ടാക്കാനുള്ള കൂട്ടായ പ്രവർത്തനമാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു വിള മാത്രം എടുക്കുന്ന ഭൂമി ബാക്കി സമയം തരിശായി കിടക്കുകയാണ് പതിവ്, അതിനെ എങ്ങിനെ ക്രിയാത്മകമായി വിനിയോഗിക്കാം എന്ന ചിന്തയിൽ നിന്നാണ് ഈ ആശയം ഉരുത്തിരിഞ്ഞത്. എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്‌കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തത യിലെത്തിക്കുക, സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേരള സർക്കാർ ആരംഭിച്ച ജനകീയ പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്.
ചടങ്ങിൽ വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി.എം. റിയാസ്, കൗണ്സിലര്മാരായ താഹിറ, ബഷീറ, ശൈലജ,സുബിത, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര ഭാരവാഹികൾ, വളാഞ്ചേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിനോദ് കുമാർ , കർഷകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here