വളാഞ്ചേരിയിൽ നിന്ന് രാത്രി ബസ് യാത്ര ദുരിതപൂർണ്ണം
വളാഞ്ചേരി: നഗരസഭാ ബസ്‍ സ്റ്റാൻഡിൽനിന്നു രാത്രി എട്ടരമണി കഴിഞ്ഞാൽ ബസ് ഇല്ല.
ഇതുമൂലം യാത്രക്കാർ ബുദ്ധിമുട്ടുന്നതായി പരാതി. കൊപ്പം, തിരുവേഗപ്പുറ, അഞ്ചുമൂല, നെടുങ്ങോട്ടൂർ, ഇരിമ്പിളിയം ഭാഗങ്ങളിലേക്കെല്ലാം രാത്രിയാത്രക്കാർ ഏറെയാണ്. എട്ടുമണിയോടെ മിക്ക ബസുകളും സ്റ്റാൻഡിൽനിന്നു പിൻവാങ്ങും. വർധിച്ച വാടക നൽകി വാടകവണ്ടികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള സ്ഥിതിയും ഇതാണ്.
കെഎസ്ആർടിസി ബസ് കൂടുതൽ ഓടുന്ന റൂട്ടായിട്ടും എട്ടരയ്ക്കു ശേഷം അങ്ങോട്ടും ബസ് ഇല്ല. തിരൂർ ഭാഗത്തേക്ക് എട്ടേകാലോടെ അവസാനത്തെ ബസ് യാത്രയാകും. പിന്നെ കോട്ടയ്ക്കൽ ബസിൽ കയറി. ചങ്കുവെട്ടിയിലിറങ്ങി എടരിക്കോടു വഴി വേണം തിരൂരിലെത്താൻ. എടയൂർ, കരേക്കാട് ഭാഗത്തേക്കും രാത്രി വൈകുന്നതോടെ മറ്റു വാഹനങ്ങളെ ആശ്രയിക്കുകയാണ്.
രാത്രി ഒൻപതര വരെയെങ്കിലും വിവിധ ഭാഗങ്ങളിലേക്കു ബസുകൾ ഓടിക്കാനാകുംവിധം സംവിധാനമുണ്ടാക്കിയാൽ യാത്രക്കാരുടെ ദുരിതത്തിന് അറുതിയാകുമെന്നാണ് യാത്രക്കാരുടെ അഭിപ്രായം. തിരൂരിൽനിന്നു വളാഞ്ചേരി, കൊപ്പം വഴി പട്ടാമ്പിയിലേക്കു രാത്രി ഒൻപതരയ്ക്കു ശേഷം കെഎസ്ആർടിസി ബസ് ഓടിക്കണമെന്ന ആവശ്യവുമുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here