ദേശീയപാത വികസനം: വഴിയിൽ മാറ്റമില്ല
മലപ്പുറം ∙ ജില്ലയിലെ ദേശീയപാത സ്ഥലമെടുപ്പ് നേരത്തേ നിശ്ചയിച്ചു കല്ലിട്ട അലൈൻമെന്റ് അനുസരിച്ച് തന്നെയായിരിക്കുമെന്ന് കലക്ടർ അമിത് മീണ. ഭൂമി ഏറ്റെടുക്കുന്നതിന്റെ ആദ്യഘട്ട നടപടികളുടെ സമയത്ത് വൻപ്രക്ഷോഭമുണ്ടായ എആർ നഗർ പഞ്ചായത്തിലെ അരീത്തോട്–വലിയപറമ്പ്, ചേലേമ്പ്ര പഞ്ചായത്തിലെ ഇടിമുഴിക്കൽ എന്നിവിടങ്ങളിലുൾപ്പെടെ ആദ്യ അലൈൻമെന്റ് അനുസരിച്ച് നടപടി പൂർത്തിയാക്കും. 3എ വിജ്ഞാപനം അനുസരിച്ച് കല്ലിട്ട സ്ഥലങ്ങളിലൂടെത്തന്നെയാണ് ഭൂമി ഏറ്റെടുക്കുക.
ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രക്ഷോഭമുണ്ടായ സ്ഥലങ്ങൾക്കായി ജനപ്രതിനിധികളും പൊതുജനങ്ങളും ബദൽ അലൈൻമെന്റുകൾ നിർദേശിച്ചിരുന്നു. ദേശീയപാത അതോറിറ്റി അവ വിശദമായി പഠിക്കുകയും പ്രായോഗികമല്ലെന്ന് സർക്കാരിനു റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. നവംബറിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കും. ഇക്കാര്യങ്ങളെല്ലാം എംഎൽഎമാരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത–66ലെ പൊന്നാനി മുതൽ കുറ്റിപ്പുറം വഴി ഇടിമുഴിക്കൽ വരെയുള്ള 76.6 കിലോമീറ്റർ, നാലുവരിപ്പാതയാക്കുന്നതിനാണ് ഭൂമി ഏറ്റെടുക്കുന്നത്.
അന്തിമ വിജ്ഞാപനമായ 3ഡി അനുസരിച്ചുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഏറ്റെടുക്കുന്ന വസ്തുവകകളുടെ മൂല്യനിർണയത്തിനുള്ള കണക്കെടുപ്പ് തിരൂർ, പൊന്നാനി താലൂക്കുകളിലും തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലെ മൂന്നു വില്ലേജുകളിലും പൂർത്തിയാക്കി. ശേഷിക്കുന്ന മൂന്നു വില്ലേജുകളിലെ നടപടികൾ ഈ മാസം പൂർത്തിയാക്കും. ഒക്ടോബറിൽ നഷ്ടപരിഹാര വിതരണത്തിനുള്ള വാദം കേൾക്കും നവംബറിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുമെന്നും കലക്ടർ അറിയിച്ചു. റവന്യു, മരാമത്ത്, കൃഷി, വനം ഉദ്യോഗസ്ഥരും ദേശീയപാത അതോറിറ്റി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here