കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡിന്റെ പണിക്കായി ഒരു രൂപ പോലും നീക്കിവെച്ചില്ല:പ്രദേശവാസികളുടെ പ്രതീക്ഷയ്ക്ക് തിരിച്ചടി
വളാഞ്ചേരി: കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡിന്റെ ഇരുവശങ്ങളിലുമായി താമസിക്കുന്നവരെ നിരാശരാക്കി സംസ്ഥാന ബജറ്റ്. ബൈപ്പാസിന്റെ പണി യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തി എത്രയുംപെട്ടെന്ന് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് ബജറ്റില്‍ തുക നീക്കിവെക്കുമെന്ന് നാട്ടുകാരുടെ പ്രതീക്ഷ വൃഥാവിലായി.
റോഡുപണി എങ്ങുമെത്താതെ കിടക്കുകയാണ്. സ്ഥലമേറ്റെടുത്തവരില്‍ ഇരുപത്തിയഞ്ച് ശതമാനം പേര്‍ക്കാണ് നഷ്ടപരിഹാരം പൂര്‍ണമായും കിട്ടിയത്. പണംനല്‍കി റോഡിനാവശ്യമായ ബാക്കി ഭൂമി എന്ന് ഏറ്റെടുക്കുമെന്ന് നാട്ടുകാര്‍ക്ക് ഒരു നിശ്ചയവുമില്ല.തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി, നിയോജകമണ്ഡലം എം.എല്‍.എ എന്നിവരോട് പ്രദേശവാസികള്‍ ആവശ്യം അറിയിച്ചിരുന്നെങ്കിലും ബജറ്റില്‍ റോഡിന്റെ പണിക്കായി ഒരു രൂപ പോലും നീക്കിവെച്ചിട്ടില്ല.
നിലവിലുണ്ടായിരുന്ന മോശമല്ലാത്ത റോഡ് വെട്ടിപ്പൊളിച്ച് ഗതാഗതയോഗ്യമല്ലാതാക്കുകയും ചെയ്തുവെന്ന് പ്രദേശവാസികള്‍ക്ക് പരാതിപ്പെടുന്നു. റോഡിനായി സ്ഥലംനല്‍കുന്നവര്‍ക്ക് ന്യായമായ വില ലഭിക്കുമെന്ന് കരുതി ബാങ്കിലും മറ്റും പണയത്തിലായിരുന്ന ആധാരങ്ങള്‍ തിരിച്ചെടുത്ത് റവന്യു അധികൃതര്‍ക്ക് നല്‍കിയവരാണ് ഇവിടുത്തെ പല വീട്ടുകാരും. ബജറ്റില്‍ ഒരു ചില്ലിപ്പൈസയും അനുവദിച്ചില്ലെന്നറിഞ്ഞതോടെ ബൈപ്പാസിന് സ്ഥലംനല്‍കാന്‍ തയ്യാറായിരുന്നവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here