ദേശീയപാത നിർമ്മാണത്തിനായി വയൽ നികത്തൽ; വളാഞ്ചേരിയിൽ ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി
വളാഞ്ചേരി: ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി വയൽ നികത്തിയതുമായി ബന്ധപ്പെട്ട് ദേശീയ പാത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. വട്ടപ്പാറ മുതൽ ഓണിയം പാലം വരെയുള്ള വയലാണ് മണ്ണിട്ട് നികത്തിയിട്ടുള്ളത്. വളാഞ്ചേരി നഗരസഭയിലെ 20, 23, 26, 27, 28, 29, 30, 31,32 വാർഡുകളിലുൾപ്പെട്ട ഭാഗം വഴിയാണ് ദേശീയ പാത കടന്നു പോകുന്നത്. പാടം മണ്ണിട്ട് നികത്തിയത് കാരണം ഏറെ ആശങ്കയിലാണ് നാട്ടുകാർ. പാടവും വരമ്പും തോടുമെല്ലാം നികത്തുകയോ ഗതി മാറ്റുകയോ ചെയ്തിട്ടുണ്ട്. മഴ ശക്തമായാൽ വെള്ളം ഒഴുകി പോകാനുള്ള വഴികളെല്ലാം അടച്ച അവസ്ഥയാണ്. അതിനാൽ വെള്ളം കെട്ടി നിൽക്കുകയോ വീടുകളിലേക്കും മറ്റും വെള്ളം കയറുകയോ ചെയ്യുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. ആശങ്കയകറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ഭരണ സമിതി യോഗ തീരുമാനപ്രകാരം ദേശീയപാത അതോറിറ്റിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്.
നഗരസഭാ ചെയർമാന്റെ നിർദ്ദേശപ്രകാരം വെള്ളം ഒഴുകി പോകാൻ നിലവിലെ ഡി.പി.ആർ പ്രകാരം നിലവിലുള്ള ഡ്രൈനേജിന് പുറമെ അഞ്ചോളം ഡ്രൈനേജുകൾ അധികം സ്ഥാപിക്കുമെന്നും പ്രദേശവാസികൾക്ക് നടന്ന് പോകാൻ അഞ്ച് അടി വീതിയിൽ സമാന്തരപാത നിർമ്മിക്കുമെന്നും തൊഴിലാളികൾ ഭക്ഷണാവശിഷ്ടങ്ങൾ പ്രദേശത്ത് നിക്ഷേപിക്കുന്നത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇതിനും പരിഹാരം കാണുമെന്ന് ദേശീയ പാത അധികൃതർ നഗരസഭക്ക് ഉറപ്പ് നൽകിയതായി ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ പറഞ്ഞു. പ്രദേശവാസികളുടെ ആശങ്കയകറ്റി മാത്രമേ പ്രവർത്തനം മുന്നോട്ടു പോകൂ എന്നും ചെയർമാൻ പറഞ്ഞു. വൈസ് ചെയർപെഴ്സൺ റംല മുഹമ്മദ്, സ്ഥിരം സമിതി അംഗങ്ങളായ സി.എം. റിയാസ്, മുജീബ് വാലാസി, എൻ.എച്ച്.എ.ഐ ലൈസൺ ഓഫീസർ പി.പി.എം അഷ്‌റഫ്, സർവേയർ പി. ഗോപാലകൃഷണൻ, കെ.എൻ.ആർ ഡെപ്യൂട്ടി പ്രൊട്ടക്റ്റ് മാനേജർ എൻ. സേശു, എൻ.എച്ച്.എ.ഐ പ്രൊട്ടക്റ്റ് മാനേജർ വീര റെഡ്ഢി, കൗൺസിലർമാർ, കൃഷി ഓഫീസർ മൃദുൽ വിനോദ്, അസി. എൻജിനിയർ സോജൻ, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here