വെണ്ടല്ലൂർ പറമ്പത്ത്കാവ് ഭഗവതിക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനിടെ കിട്ടിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള മൺരൂപങ്ങൾ
വളാഞ്ചേരി ∙ ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി മണ്ണുനീക്കിയപ്പോൾ ലഭിച്ചതു വ്യത്യസ്ത മൺരൂപങ്ങൾ.
വെണ്ടല്ലൂർ പറമ്പത്ത്കാവ് ഭഗവതിക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനു മുന്നോടിയായി ശ്രീകോവിലിനു ചുറ്റുമുള്ള മതിൽക്കെട്ടു പൊളിച്ചുനീക്കുന്നതിനിടെയാണ് മണ്ണിൽനിന്നു നൂറുകണക്കിനു മൺരൂപങ്ങൾ ലഭിച്ചത്. ഇവയ്ക്കു നൂറ്റാണ്ടുകളുടെ പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. ദേവീരൂപങ്ങൾ, കാലികൾ, പക്ഷികൾ, പാത്രങ്ങൾ, വൃക്ഷമാതൃക, സ്ത്രീ, മൃഗങ്ങൾ തുടങ്ങി വ്യത്യസ്തരൂപങ്ങളാണു ലഭിച്ചത്.
കന്നുകാലികൾക്ക് അസുഖംബാധിച്ചാൽ പശുക്കോലം ഉണ്ടാക്കി ദേവീസന്നിധിയിൽ സമർപ്പിക്കുന്ന വഴിപാട് പണ്ടുമുതൽ പറമ്പത്ത്കാവിൽ പതിവുണ്ട്. ഇവയുടെ ശേഷിപ്പുകളാണു ലഭിച്ചതെന്നും കരുതുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള പറമ്പത്ത്കാവ് ഭഗവതിക്ഷേത്രത്തിൽ കൗളാചാര അനുഷ്ഠാന കർമങ്ങളാണു നിലവിലുള്ളത്. കണ്ടെത്തിയ മുഴുവൻ രൂപങ്ങളും പ്രത്യേകമായി പുരാവസ്തു മ്യൂസിയം സജ്ജമാക്കി സൂക്ഷിക്കാനാണു ലക്ഷ്യമിടുന്നതെന്നു ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി സെക്രട്ടറി മഠത്തിൽ മോഹൻദാസ് അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here