അന്താരാഷ്ട്ര ചോക്കലേറ്റ് ദിനത്തോടനുബന്ധിച്ച് സ്കൂൾ മുറ്റത്ത് ചോക്കലേറ്റിൽ രുചിയത്ഭുതം തീർത്ത് ഉമ്മമാർ
കോട്ടക്കൽ: കുഞ്ഞുങ്ങളുമായി മാത്രം സ്കൂളിൽ വന്ന് പരിചയമുള്ള അവരിന്ന് കയ്യിൽ വലിയ പൊതിക്കെട്ടുകളുമായായിരുന്നു സ്കൂൾ മുറ്റം കടന്നെത്തിയത്. കാര്യമുണ്ട്. തങ്ങളുടെ മക്കൾക്ക് മായം കലരാത്ത വിഷരഹിതമായ മധുര വിഭവങ്ങൾ വീടുകളിൽ ഉണ്ടാക്കി നൽകുക എന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു അമ്മമാർ എത്തിയത്.പലർക്കും അത് പുതിയ അനുഭവമായിരുന്നു.
അന്താരാഷ്ട്ര ചോക്കലേറ്റ് ദിനത്തോടനുബന്ധിച്ച് കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ കെ.ജി വിഭാഗമാണ് വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. ചോക്കലേറ്റ്, കേക്ക് എന്നീ രണ്ടു വിഭാഗങ്ങളിലായായിരുന്നു മത്സരം സംഘടിപ്പിച്ചത്. ചോക്കലേറ്റ് പൗഡർ, മിൽക്ക് മേഡ്, ബട്ടർ, ചോക്കലേറ്റ് ബാർ, ഓവൻ, മിക്സഡ് ഗ്രേന്റർ തുടങ്ങിയവയെല്ലാം മത്സരാർത്ഥികൾ വീടുകളിൽ നിന്നും കൊണ്ടുവന്നായിരുന്നു മത്സരം.
പത്തൊൻപത് പേരായിരുന്നു മത്സരത്തിനെത്തിയത്. ഒരു മണിക്കൂർ നീണ്ടുനിന്ന മത്സരത്തിൽ കൺമുൻപിൽ മായം കലരാത്ത, വിവിധ നിറങ്ങളിലുള്ള ചോക്കലേറ്റുകളും കേക്കും നിരന്നു. വിഭവങ്ങൾ പരിശോധിച്ച് വിധികർത്താക്കൾ മികച്ച വയെ തെരഞ്ഞെടുത്തു. സ്കൂൾ പ്രിൻസിപ്പൽ പി.സാജിദിബാബു, അക്കാദമിക് ഡയറക്ടർ മജീദ് മണ്ണിശ്ശേരി തുടങ്ങിയവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.കെ.ജി വിഭാഗം മേധാവി ടെൻസി ഡിസിൽവ, റാബിയ, നിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here