പച്ചക്കറിയുടെ വിലവർദ്ധനവും ലഭ്യതക്കുറവും; ഓണസദ്യയ്ക്ക് ചെലവേറും
മലപ്പുറം: പച്ചക്കറിയുടെ വിലവർദ്ധനവും ലഭ്യതക്കുറവും മലയാളിയുടെ ഈ വർഷത്തെ ഓണാഘോഷത്തിന് മങ്ങലേൽപ്പിക്കും. ഓണസദ്യയ്ക്കും ഉപ്പേരി അടക്കമുള്ള വിഭവങ്ങൾക്കും ആവശ്യമായ പച്ചക്കറികൾക്ക് വില വർദ്ധിച്ചിട്ടുണ്ട്. കാലവർഷക്കെടുതിയിൽ വാഴക്കൃഷി വ്യാപകമായി നശിച്ചതിനാൽ ഏത്തക്കായയുടെ ലഭ്യതയിൽ കുറവുണ്ട്. പൊതുവേ ഏത്തക്കായയ്ക്ക് ഓണവിപണിയിൽ വില വർദ്ധനവ് ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ കിലോയ്ക്ക് 40 മുതൽ 55 രൂപ വരെയാണ് വില. വെളുത്തുള്ളി, പയർ, തക്കാളി തുടങ്ങിയ സാധനങ്ങൾക്കും വില കൂടി. പുറത്തുനിന്നുള്ള പച്ചക്കറിയുടെ വരവും കുറഞ്ഞിട്ടുണ്ട്.
കൊവിഡ് മൂലം പൂന, നാസിക് എന്നീ സ്ഥലങ്ങളിൽ നിന്നുവരുന്ന ഉള്ളി, കിഴങ്ങ്, വെളുത്തുള്ളി എന്നിവയുടെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. പച്ചക്കറിയുമായി വരുന്ന വാഹനങ്ങൾക്ക് ലോക്ക് ഡൗൺ മൂലം ചുറ്റിക്കറങ്ങി വരേണ്ടി വരുന്നതിനാൽ വണ്ടിച്ചെലവും കൂടുതലാണ്. പച്ചക്കറിയുടെ വില വർദ്ധനയ്ക്ക് ഈ വാഹന വാടകയും കാരണമാകുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
25 കിലോ തൂക്കമുള്ള തക്കാളിപ്പെട്ടിയുടെ വില 780 രൂപ, വെണ്ട 26 മുതൽ 30 രൂപ, പച്ചമുളക് 45 മുതൽ 55 രൂപ വരെ, കൈപ്പ 32 രൂപ മുതൽ 38 രൂപ എന്നിങ്ങനെയാണ് മൊത്തവിപണിയിലെ ഇപ്പോഴത്തെ വില. ഇതുവരെ വലിയൊരു വില വർദ്ധനവ് മാർക്കറ്റിൽ ഓണവിപണിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ലെന്നും വരുംദിവസങ്ങളിൽ വില കൂടാൻ സാദ്ധ്യതയുണ്ടെന്നും കഴിഞ്ഞ 21 വർഷമായി ജില്ലയിൽ പച്ചക്കറി വ്യാപാരം നടത്തുന്ന വ്യാപാരി പറയുന്നു. കൊവിഡ് മൂലം ജനങ്ങൾക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യത്തിൽ ആവശ്യക്കാർക്ക് പച്ചക്കറി വീട്ടിൽ എത്തിക്കുന്ന സൗകര്യവും പച്ചക്കറി കടക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here