ഓണാഘോഷത്തിൽ മിന്നിത്തിളങ്ങി ‘ഓണപ്പുട’
കൊളത്തൂർ: പേരിൽ ഓണത്തെ നെഞ്ചേറ്റിയ ‘ഓണപ്പുട’ ഇക്കുറിയും ഓണത്തെ വരവേൽക്കാൻ ഒരുങ്ങിച്ചമഞ്ഞു.
ഇവിടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആഘോഷപരിപാടികൾ തുടങ്ങി. പുലാമന്തോൾ, മൂർക്കനാട് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന ഓണപ്പുടയ്ക്ക് പേരു ലഭിച്ചതിനു പിന്നിൽ ഓണത്തിന്റെ സ്വാധീനമുണ്ടെന്നു ചരിത്രം.
വള്ളുവനാട്ടു രാജാവ് പട്ടും വളയും നൽകിയിരുന്ന പേരുകേട്ട കളരി അഭ്യാസികളുടെ നാടായിരുന്നു ഇത്. കൊയ്‍ത്തൊഴിഞ്ഞ പാടം ഓണക്കാലത്ത് ഇവിടെ അങ്കത്തട്ടായി. ആ പാടം പിന്നീട് ഓണപ്പാടമായി മാറി. കൊയ്ത്തൊഴിഞ്ഞ പാടത്ത് കളരിമുറകൾ അഭ്യസിച്ചും പരിശീലിപ്പിച്ചും കളരിത്തറകൾ തീർത്തു.
കളരിയഭ്യാസ പ്രകടനത്തിനും മല്ലയുദ്ധത്തിനും ഓണത്തല്ലിനുമായി അന്യദേശക്കാർവരെ ഇവിടെയെത്തി. വള്ളുവനാട്ടു രാജാവും പരിവാരങ്ങളും അങ്കവും ഓണത്തല്ലും കാണാൻ ഓണപ്പാടത്ത് എത്തുമായിരുന്നു. കൊളത്തൂർ തമ്പുരാട്ടി ജേതാക്കൾക്ക് ഓണപ്പുടവ നൽകിയിരുന്നു. അങ്ങനെ ഈ ഗ്രാമം ഓണപ്പുടയായെന്നു പറയുന്നു. ഓണപ്പുട കളരിക്കാർ ഗ്രാമത്തിന്റെ പരമാധികാരികളുമായി. ഓണപ്പുട കളരിത്തറ ഇന്നും ഇവിടെയുണ്ട്. വിശേഷാവസരങ്ങളിൽ ഇവിടെ വിളക്കു വയ്ക്കാറുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here