മാറാക്കരയിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഒരുകോടിയുടെ പദ്ധതി
മാറാക്കര: മാറാക്കര ഗ്രാമപ്പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു. പഞ്ചായത്തിലേക്കുള്ള തിരുനാവായ കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ലൈൻ വിപുലീകരണത്തിന് പഞ്ചായത്തിന്റെ അമ്പതുലക്ഷം രൂപയുടെയും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ അമ്പതുലക്ഷവും ഉൾപ്പെടെ ഒരുകോടി രൂപയുടെ പ്രവൃത്തികൾ ഒക്ടോബറോടെ പൂർത്തീകരിക്കും.
പഞ്ചായത്ത് സമ്മേളനഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ജലവകുപ്പ് ഉദ്യേഗസ്ഥരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. അപേക്ഷിച്ച എല്ലാവർക്കും ഒക്ടോബറിൽ കുടിവെള്ള കണക്‌ഷൻ നൽകാനും ധാരണയായിട്ടുണ്ട്. പട്ടികജാതി കുടുംബങ്ങൾ, അങ്കണവാടികൾ, ആശുപത്രികൾ എന്നിവയ്ക്കും മറ്റു സർക്കാർ സ്ഥാപനങ്ങൾക്കും കണക്‌ഷൻ നൽകുന്നതിലുള്ള ചെലവ് പഞ്ചായത്ത് വഹിക്കും.
യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ആമിന കല്ലൻ, വികസന സ്ഥിരംസമിതി ചെയർമാൻ സി.എച്ച്. ജലീൽ, ജലവകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ സി.കെ. അഹമ്മദ് റഷീദ്, അസിസ്റ്റന്റ് എൻജിനീയർ സി. ആനന്ദകുമാർ, പഞ്ചായത്ത് സെക്രട്ടറി അനിത ജെ. സ്റ്റീഫൻ, അംഗങ്ങളായ വഹീദാബാനു, പി. ജാബിർ, കെ.പി. നാരായണൻ, വി.പി. സമീറ, സലീം മണ്ടായപ്പുറം, വി.പി. ഹുസൈൻ, സൈനബ കണിയതൊടി, തിത്തുമ്മ സുഹ്‌റ എന്നിവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here