വ്യാപാരഭവന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തർക്കം; വളാഞ്ചേരിയിൽ ഒരു വിഭാഗം വ്യാപാരികൾ പ്രകടനം നടത്തി
വളാഞ്ചേരി:വളാഞ്ചേരിയിൽ വ്യാപാരഭവനെ ചൊല്ലി ഇരു വിഭാഗം വ്യാപാരികൾ തമ്മിലുള്ള തർക്കം തുടരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഒരു വിഭാഗം വ്യാപാരികൾ വ്യാപാരഭവന്റെ പൂട്ട് തകർത്ത് മറ്റൊരു പൂട്ടിട്ടു. ഇത് മറു വിഭാഗം എതിർത്തത് നേരിയ സംഘർഷത്തിന് ഇടയാക്കി. പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്.
വളാഞ്ചേരി വ്യാപാരഭവനെ ചൊല്ലി ഇരു വിഭാഗം വ്യാപാരികൾ വർഷങ്ങളായി നിയമ പോരാട്ടത്തിലാണ്. വളാഞ്ചേരി മർച്ചന്റ്‌സ് അസോസിയേഷനാണ് വ്യാപാരഭവൻ നിർമ്മിച്ചത്. വർഷങ്ങൾക്ക് മുൻപ് എല്ലാ വ്യാപാരികളും ഈ സംഘടനക്ക് കീഴിലായിരുന്നു. എന്നാൽ പ്രബല വ്യാപാര സംഘടയായ വ്യാപാരി വ്യവസായി ഏകോപന സമിതി അവകാശവാദവുമായി വന്നതോടെ ഇത് നിയമ പോരാട്ടത്തിലേക്ക് മാറുകയായിരുന്നു. നിലവിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് വ്യാപാര ഭവൻ ഉപയോഗിക്കുന്നത്. മഞ്ചേരി ജില്ലാ കോടതിയിൽ നിന്നും മർച്ചന്റ്‌സ് അസോസിയേഷന് അനുകൂല വിധി ഉണ്ടായിട്ടുണ്ട് എന്ന് അവകാശപ്പെട്ടതാണ് ഒരു വിഭാഗം വ്യാപാരികൾ കഴിഞ്ഞ ദിവസം വ്യാപാര ഭവന്റെ പൂട്ട് തകർത്ത് മറ്റൊരു പൂട്ടിട്ട് പൂട്ടിയത്. ഈ പൂട്ട് മറു വിഭാഗം തകർത്ത് മറ്റൊരു പൂട്ടിടുകയും ചെയ്തു. തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിൽ നേരിയ വാക്കേറ്റവുമുണ്ടായി. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി ഇരു വിഭാഗങ്ങളോടും ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണന്നും പ്രശ്നത്തിൽ തീരുമാനമുണ്ടാക്കാമെന്നും അറിയിച്ചതിനെ തുടർന്നാണ് സംഘർഷാവസ്ഥ ഒഴിവായത്.
ഗുണ്ടകളെ കൂട്ടുപിടിച്ചാണ് സംഘടനയിൽ നിന്ന് പുറത്താക്കപ്പെട്ട ചില വ്യാപാരികൾ ചേർന്ന് പൂട്ട് പൊളിച്ച് അകത്ത് കടന്ന് മിനുട്സ് ബുക്കും മെമ്പർഷിപ്പ് രേഖകളും കടത്തിയത് എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യുണിറ്റ് പ്രസിഡന്റ് പത്മകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രതിഷേധ പ്രകടനത്തിന് വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് പത്മകുമാർ, സെക്രട്ടറി മുഹമ്മദലി, യൂത്ത് വിംഗ് പ്രസിഡന്റ് മെഹബൂബ് തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here