യുവാക്കളുടെ ജാഗ്രത തുണയായി; വട്ടപ്പാറയിൽ യുവതിയുടെ മാല പൊട്ടിച്ചയാളെ പിടികൂടി
വളാഞ്ചേരി:യുവാക്കളുടെ ജാഗ്രതയിൽ മാല മോഷണസംഘത്തിലെ കണ്ണി പിടിയിൽ. ദേശീയപാത വളാഞ്ചേരി വട്ടപ്പാറ എസ്എൻഡിപി ഓഫീസിൽ ജോലിക്ക് പോകുന്ന യുവതിയുടെ മാലയാണ് വിലാസം തിരക്കാനെന്ന വ്യാജേനയെത്തിയ വ്യക്തി പൊട്ടിച്ചോടിയത്. ഓഫീസ് ഗേറ്റ് തുറക്കുന്നതിനിടെ ബൈക്കിലെത്തിയവരിൽ ഒരാൾ അഡ്രസ് ചോദിക്കുകയും അറിയില്ല എന്ന് പറഞ്ഞ് തിരിഞ്ഞ് നടന്ന ഉടനെ പുറകിൽ വന്ന ഇയാൾ സ്ത്രിയുടെ മാല പൊട്ടിച്ച് ബൈക്കിൽ കോട്ടക്കൽ ഭാഗത്തേക്ക് ഓടിച്ച് പോവുകയുമായിരുന്നു. അത് വഴി പോവുകയായിരുന്ന കോട്ടക്കലിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ വെന്നിയൂർ സ്വദേശി നസീർ അബു, തെന്നല സ്വദേശി ഷഹദ് കെ.ടി എന്നിവർ അക്രമികളെ ബൈക്കിൽ കിലോമീറ്ററോളം പിൻതുടർന്ന് തടഞ്ഞുവെക്കുകയായിരുന്നു. ഒരാൾ ഓടി രക്ഷപ്പെട്ടു. ഉടനെ പോലീസിനെ വിവരം അറിയിക്കുകയുംകയും പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷാജിയും സംഘവും സ്ഥലത്തെത്തി പ്രതിയെ പിടികൂടി. പ്രതിയായ കോഴിക്കോട് പുളിക്കൽ തുന്നേൽ വീട് മനാഫ് (41) നെ വീഡിയോ കോൺഫറൻസിലൂടെ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. സംഘത്തിൽ വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ എം.കെ ഷാജി എസ്.ഐ മാരായ ഇക്ബാൽ, മുരളീകൃഷ്ണൻ, എസ്.സി.പി.ഒ മാരായ അൽത്താഫ്, ജെറിഷ് എന്നിവരും ഉണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here