കുറ്റിപ്പുറം മദ്യദുരന്തക്കേസ് പ്രതി കഞ്ചാവുമായി പിടിയിൽ
മഞ്ചേരി: കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതി പത്ത് കിലോ കഞ്ചാവുമായി പിടിയിൽ. പാലക്കാട് കൈപ്പുറം സ്വദേശി ബാബു എന്ന പുളിക്കൽ ഫിറോസിനെയാണ് (38) ജില്ല ആൻറി നാർക്കോട്ടിക് സ്ക്വാഡും മഞ്ചേരി പൊലീസും ചേർന്ന് മുട്ടിപ്പാലത്തുനിന്ന് പിടികൂടിയത്. സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് വിതരണത്തിനായി കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മഞ്ചേരി സ്വദേശികളായ ആറ് പേരെയാണ് കൊണ്ടോട്ടിയിലും മേലാറ്റൂരിലും നിന്നുമായി ജില്ല ആൻറി നാർക്കോട്ടിക് സ്ക്വാഡ് പിടികൂടിയത്. ഇവരിൽ നിന്നാണ് ഫിറോസിനെ കുറിച്ച് വിവരം ലഭിച്ചത്.
2010ലെ കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിൽ പിടിക്കപ്പെട്ട് ഒരു വർഷത്തോളം ജയിലിൽ കിടന്ന പ്രതി ജാമ്യത്തിലിറങ്ങി വിചാരണ നേരിടുകയാണ്. നാർക്കോട്ടിക് ഡിവൈ.എസ്.പി പി.പി. ഷംസിെൻറ നിർദേശപ്രകാരം മഞ്ചേരി ഇൻസ്പെക്ടർ കെ.പി. അഭിലാഷ്, എസ്.ഐ ഉമ്മർ മേമന എന്നിവരുടെ നേതൃത്വത്തിൽ ജില്ല ആൻറി നാർക്കോട്ടിക് സ്ക്വാഡ് അംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവർക്ക് പുറമെ മഞ്ചേരി സ്റ്റേഷനിലെ ഷഹബിൻ, ഹരിലാൽ, സലീം എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here