കാലിക്കറ്റ് ബിരുദ പ്രവേശനം: ഓൺലൈൻ റജിസ്ട്രേഷൻ 20 മുതൽ
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള ഗവ., എയ്ഡഡ്, സ്വാശ്രയ കോളജുകളിൽ ബിഎ, ബിഎസ്‌സി, ബികോം തുടങ്ങിയ
ബിരുദ കോഴ്സുകളിൽ പ്രവേശനത്തിന് ഏകജാലക സംവിധാനം അനുസരിച്ചുള്ള ഓൺലൈൻ റജിസ്ട്രേഷൻ 20ന് തുടങ്ങാൻ വിസി ഡോ. കെ. മുഹമ്മദ് ബഷീർ ഉത്തരവിട്ടു. അലോട്മെന്റ് തീയതികളും മറ്റും പുനഃക്രമീകരിച്ചിട്ടുണ്ട്. എന്നാൽ, ക്ലാസുകൾ ജൂലൈ അഞ്ചിനുതന്നെ തുടങ്ങാനുള്ള തീരുമാനത്തിൽ മാറ്റമില്ല.
ഓൺലൈൻ അപേക്ഷാ ഫീസ് ഇന്ന് മുതൽ അടയ്ക്കാമെന്നും അധികൃതർ അറിയിച്ചു. ജൂൺ ആറിനാണ് ട്രയൽ അലോട്മെന്റ്. ആദ്യ അലോട്മെന്റ് 13ന്. രണ്ടാമത്തേത് ആ മാസം 19ന്. മൂന്നാമത്തേത് 24ന്. നാലാമത്തേതും അവസാനത്തേതുമായ അലോട്മെന്റ് ജൂലൈ നാലിന്. ശേഷവും കോളജുകളിൽ സീറ്റുകൾ ഒഴിവുവന്നാൽ നിശ്ചിത വിദ്യാർഥികളുടെ പട്ടിക വാഴ്സിറ്റിയിൽനിന്ന് കോളജുകൾക്ക് കൈമാറും. ഹാജരാകുന്ന കുട്ടികളുടെ പട്ടിക ഉണ്ടാക്കി സംവരണം പാലിച്ചും മെറിറ്റ് തെറ്റിക്കാതെയും കോളജുകൾക്ക് ഒഴിവുകൾ നികത്താം.
പ്രവേശന റജിസ്ട്രേഷൻ സംബന്ധിച്ച് അക്ഷയ സംരംഭകർക്ക് വാഴ്സിറ്റിയിൽ ശിൽപശാല നടത്തും. റജിസ്ട്രേഷൻ മുതൽ പ്രവേശനം വരെ വിദ്യാർഥികൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കാൻ തയാറാക്കിയ ഡോക്യുമെന്ററി നാളെ അക്ഷയ സംരംഭകരുടെ ശിൽപശാലയിൽ വിസി പ്രകാശനം ചെയ്യും. അതേസമയം, ഇക്കൊല്ലത്തെ പ്ലസ് ടു വിജയികളുടെ പട്ടിക വാഴ്സിറ്റിക്ക് ലഭ്യമാക്കാമെന്ന് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽനിന്ന് ഉറപ്പുലഭിച്ചിട്ടുണ്ട്.
കിട്ടുന്ന മുറയ്ക്ക് ഫോർമാറ്റ് മാറ്റി ഏകജാലക ലിങ്കിൽ അപ്‌ലോഡ് ചെയ്യും. പ്ലസ് ടു വിജയികൾ ബിരുദ കോഴ്സ് പ്രവേശനത്തിന് റജിസ്ട്രേഷൻ വേളയിൽ തങ്ങളുടെ നമ്പർ അടിച്ചാലുടൻ ഓട്ടോമാറ്റിക്കായി മാർക്ക് വിവരങ്ങളും മറ്റും തെളിയും എന്നതാണ് ഇതുകൊണ്ടുള്ള നേട്ടം. ശരിയെന്ന് ഒത്തുനോക്കി റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ വിദ്യാർഥികൾക്ക് ഇതു സൗകര്യമാകും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here