ഹൃദയത്തിലെ സ്വർഗകവാടങ്ങൾ തുറക്കുക
ശരീരത്തിനു വിശപ്പും മനസ്സിനു വിരുന്നും ആത്മാവിനു വിശുദ്ധിയുമാണു റമസാൻ. വിശ്വാസികളുടെ 11 മാസത്തെ കാത്തിരിപ്പിനു വിരാമമായി വന്ന നന്മയുടെ വർഷകാലം. സ്വർഗ കവാടങ്ങൾ തുറക്കുകയും പിശാചുകൾ ബന്ധനത്തിലാ വുകയും ചെയ്യുന്ന മാസമാണിത്. ഭൂമിയിലും ആകാശത്തുമുള്ള പിശാചുകളല്ല, ഓരോ വ്യക്തിയിലെയും പൈശാചിക ചിന്തകളാണ് റമസാനിൽ ബന്ധനത്തിലാകുന്നത്. തെറ്റുകളിലേക്കു നയിക്കുന്ന ദുഷ്ചിന്തകളെ മനസ്സ് ചങ്ങലയ്ക്കിടുന്നു. അനാവശ്യ പ്രവർത്തനങ്ങളിൽനിന്നു ശരീരത്തെ മനസ്സ് പിന്തിരിപ്പിക്കുന്നു.
നന്മയുടെ കവാടങ്ങൾ തുറക്കുന്നതും വ്യക്തികളുടെ മനസ്സിലാണ്. ദയ, കരുണ, സാഹോദര്യം, ക്ഷമ, ദാനം തുടങ്ങിയ ശീലങ്ങളെയെല്ലാം റമസാൻ വ്രതം പരിശീലിപ്പിക്കുന്നു. അന്നപാനീയങ്ങൾ ഉപേക്ഷിക്കുക മാത്രമല്ല വ്രതം. അച്ചടക്കമുള്ള ജീവിത ശൈലിയാണത്. പ്രവാചകവചനം ശ്രദ്ധിക്കുക: ‘കളവു പറയൽ, ദുഷ്ചെയ്തികൾ, പാഴ്വേലകൾ തുടങ്ങിയവയിൽ നിന്നു മാറി നിൽക്കുന്നില്ലെങ്കിൽ അവർ അന്ന പാനീയങ്ങൾ ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് യാതൊരു താൽപര്യവുമില്ല’. സംസാരത്തിലെ മിതത്വം റമസാനിൽ പാലിക്കേണ്ട കർശന ചിട്ടകളിലൊന്നാണ്. നോമ്പുകാരന്റെ ഉറക്കം പോലും ആരാധനയാണെന്നാണു പ്രവാചകാധ്യാപനം. അനാവശ്യ സംസാരങ്ങളേക്കാൾ ഉത്തമം ഉറക്കമാണെന്ന സന്ദേശമാണിത്. ആരെങ്കിലും കലഹത്തിനു വന്നാൽ പകരം ആക്ഷേപശരങ്ങൾ ഉന്നയിക്കാതെ ഞാൻ വ്രതത്തിലാണ് എന്ന മറുപടി നൽകാനാണു പ്രവാചകൻ ഉപദേശിച്ചത്.
നിയന്ത്രണമില്ലാത്ത സംസാരമാണ് സങ്കീർണവും ഗുരുതരവുമായ പല പ്രശ്നങ്ങളുടെയും തുടക്കം. സംസാരത്തിലെ പൈശാചികതയെ പിടിച്ചുകെട്ടാനുള്ള കരുത്തുപകരുകയാണ് റമസാൻ വ്രതം. റമസാനിൽ വ്രതാനുഷ്ഠാനത്തിനൊപ്പം എല്ലാ ആരാധനകളും അനുഷ്ഠാനങ്ങളും വർധിപ്പിക്കുകയും ക്രമപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വിശ്വാസിയുടെ അടയാളമായ നമസ്കാരം കൂടുതൽ സമയ നിഷ്ഠമാക്കും. സുന്നത്ത് നമസ്കാരങ്ങൾ വർധിപ്പിക്കും. രാത്രിയിൽ റമസാനിലെ പ്രത്യേക നമസ്കാരമായ ‘തറാവീഹ്’ പതിവാക്കും. റമസാന് അവസാന ദിവസങ്ങളിൽ ഇതിനു പുറമെ ‘ഖിയാമുല്ലൈൽ’ എന്ന ദീർഘമായ നമസ്കാരം കൂടി ആരംഭിക്കും. സദാസമയം ചുണ്ടിൽ പ്രാർഥന തങ്ങിനിൽക്കും. ‘അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല, അല്ലാഹുവേ, പാപങ്ങൾ പൊറുക്കേണമേ, സ്വർഗത്തിൽ
പ്രവേശിപ്പിക്കണേ, നരകമുക്തരാക്കണേ എന്ന പ്രാർഥനയാണ് വിശ്വാസികൾ’ ഏറ്റവുമധികം ചൊല്ലുന്നത്. ദാനധർമങ്ങൾ വർധിപ്പിക്കും. മുസ്ലിംകൾ ഓരോ വർഷവും നൽകേണ്ട സക്കാത്ത് റമസാനിൽ കൊടുക്കുകയാണ് പതിവ്. വിശുദ്ധ മക്കയിലെത്തി ഉംറ കർമം നിർവഹിക്കുന്നവരുടെ എണ്ണവും റമസാനിൽ വർധിക്കും.
മത നിർദേശങ്ങൾ പാലിക്കാതെ ജീവിക്കുന്ന പലരും പശ്ചാത്തപിച്ച് ധർമപാതയിലേക്കു തിരിച്ചെത്താൻ തിരഞ്ഞെടുക്കുന്നതും റമസാൻ കാലമാണ്. തിരക്കേറിയ ജീവിതത്തിനിടയിൽ സംഭവിച്ചേക്കാവുന്ന വീഴ്ചകൾ പരിഹരിച്ചു വിശ്വാസത്തെ തിരികെപ്പിടിക്കാനുള്ള സന്ദർഭമാണു റമസാൻ. മനസ്സിൽ നാമറിയാതെ കുടിയേറിയ പിശാചുകളെ പിടിച്ചുകെട്ടി പുറന്തള്ളുക; ഹൃദയത്തില സ്വർഗകവാടങ്ങൾ തുറക്കുക
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here