കുറ്റിപ്പുറം-കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ്: പൈലിങ് തുടങ്ങി
കുറ്റിപ്പുറം : മലപ്പുറം, പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുറ്റിപ്പുറം- കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ പൈലിങ് തുടങ്ങി. പാലക്കാട് ജില്ലയിലെ കുമ്പിടി കാങ്കക്കടവിലാണ് വെള്ളിയാഴ്ച രാവിലെ 9.30-ന് പൈലിങ് ആരംഭിച്ചത്. എറണാകുളത്തെ പൗലോസ് ജോർജ് കൺസ്ട്രക്‌ഷൻ കമ്പനിയാണ് 102.72 കോടി രൂപയ്ക് നിർമാണം ഏറ്റെടുത്തിരിക്കുന്നത്.
രണ്ടാഴ്ച മുൻപാണ് കമ്പനിയും കേരള ഇറിഗേഷൻ ഇൻഫ്രാ സ്ട്രെക്ച്ചർ െഡവലപ്പ്മെന്റ് കോർപ്പറേഷനുമായി (കെ.ഐ.ഐ.ഡി.സി.) കരാർ ഒപ്പുവെച്ചത്.
418 മീറ്റർ നീളംവരുന്ന റഗുലേറ്റർ കം ബ്രിഡ്ജിന് 11 മീറ്റർ വീതിയാണ് ഉണ്ടാവുക. പാലത്തിന്റെ മുകളിൽ ഇരുഭാഗത്തും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. 29 പില്ലറുകളും 30-ഷട്ടറുകളും അടങ്ങിയതാണ് റെഗുലേറ്റർ കം ബ്രിഡ്ജ്. കാങ്കക്കടവിൽ 1350 മീറ്റർ നീളത്തിലും കുറ്റിപ്പുറം ഭാഗത്ത് 730 മീറ്റർ നീളത്തിലും അപ്രോച്ച് റോഡുകളും ഇതോടൊപ്പം നിർമ്മിക്കും. രണ്ട് വർഷംകൊണ്ട് നിർമ്മാണം പൂർത്തീകരിക്കണമെന്നാണ് വ്യവസ്ഥ. കരാർ കമ്പനിയുടെ സൈറ്റ് ഓഫീസ് കാങ്കക്കടവിലാണ്. ഭാരതപ്പുഴയിൽ പദ്ധതി വരുന്നതോടെ കാർഷികമേഖലയിലും ഗതാഗത മേഖലയിലും വലിയ രീതിയിലുള്ള മാറ്റങ്ങളാണ് വരിക. കെട്ടിനിർത്തുന്ന വെള്ളം മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, ഇരിമ്പിളിയം, പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ, ആനക്കര, കപ്പൂർ പഞ്ചായത്തുകളിലെ കൃഷി, കുടിവെള്ള പദ്ധതികൾക്ക് ഏറെ ഗുണകരമാകും. കുറ്റിപ്പുറം-കുമ്പിടി യാത്രാദൂരം 10 കിലോമീറ്ററിൽനിന്ന് മൂന്ന് കിലോമീറ്ററായി കുറയുകയുംചെയ്യും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here